ഹിറ്റടിച്ച് പ്രദര്‍ശനം തുടരുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയില്‍ നിന്നും ഒഴിവാക്കിയതിന്‍റെ കാരണം പറഞ്ഞ് നടന്‍ റിയാസ് ഖാന്‍. ഉണ്ണി മുകുന്ദനുമായുള്ള ഫൈറ്റ് സീനടക്കം ചിത്രീകരിച്ചിരുന്നെന്നും അവസാനം സംവിധായകന്‍ ഹനീഫ് അദേനി വിളിച്ച് ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു എന്നുമാണ് റിയാസ് ഖാന്‍ പറയുന്നത്. കാന്‍ ചാനല്‍ മീഡിയ എന്ന സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിയാസ് ഖാന്‍റെ വാക്കുകള്‍.
'മാര്‍ക്കോ ഷൂട്ടിങ് സമയത്ത് ഉണ്ണി മുകുന്ദനുമായി 'അടിച്ചു കേറി വാ' എന്ന റീല്‍ ഉണ്ടാക്കി. അത് ഭയങ്കര റീച്ചായിരുന്നു. ഞങ്ങള്‍ ഫ്രണ്ട്സാണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ കണ്ട ലുക്കില്‍ ആയിരുന്നില്ല എന്‍റെ കൂടെ ചെയ്ത മാര്‍ക്കോ. ചിത്രത്തിലെ വലിയ ഭാഗം വെറൊരു മേക്ക് ഓവറിലാണ് ഉണ്ണി ചെയ്തത്. അത് മുഴുവന്‍ ഇല്ല. അതിലാണ് ഞാന്‍ ഉള്ളത്' എന്നായിരുന്നു റിയാസ് ഖാന്‍റെ വാക്കുകള്‍.
സംവിധായകന്‍ ഹനീഫ് അദേനി വിളിച്ച് ഇക്കാ.. മനപൂര്‍വ്വമല്ലെന്ന് പറഞ്ഞു. ഇതൊക്കെ ഡയറക്ടറുടെ തീരുമാനമാണ്, അത് ഞാന്‍ ബഹുമാനിക്കുന്നു എന്ന് പറഞ്ഞു. എന്നാല്‍ നടന്‍ എന്ന നിലയില്‍ എനിക്ക് വിഷമമുണ്ടെന്നും റിയാസ് പറയുന്നു.
'സ്ക്രീനിവല്‍ വരണമെന്ന് ആഗ്രഹിച്ചാണ് ചെയ്യുന്നത്. ഒരു ഭയങ്കര ഹിറ്റ് പടത്തില്‍, ലോകം മുഴുവന്‍ ഉള്ള ചിത്രത്തില്‍ ഞാനുണ്ട് പക്ഷെ ഇല്ല. ഇതിലൊരു സങ്കടമുണ്ട്. ഞാന്‍ പെര്‍ഫോം ചെയ്തത് സ്ക്രീനില്‍ കാണാനുള്ള കോരിത്തരിപ്പുണ്ടാകും. മാര്‍ക്കോ വലിയ ഹിറ്റടിച്ച പടമാണ്. ചിത്രത്തില്‍ ഞാനുണ്ട് കാണാന്‍ പറ്റിയില്ല. ഇക്കാര്യം ഞാന്‍ ഹനീഫയോട് പറഞ്ഞിട്ടുണ്ട്' എന്നും റിയാസ് ഖാന്‍ പറയുന്നു.
ചിത്രത്തിലേക്ക് ക്ഷണിച്ചത് ഉണ്ണി മുകുന്ദനാണെന്നും റിയാസ് പറയുന്നു. 'ഇക്കാ ചെയ്തത് തരണം. നമ്മള്‍ രണ്ട് പേരും മാത്രമെ ഉള്ളൂ. വെറെ ആരുമില്ല' എന്നാണ് ഉണ്ണി പറഞ്ഞത്. ഫൈറ്റ് എടുത്തു. രണ്ടു പേരും കട്ടയ്ക്ക് കട്ടയായിരുന്നു എന്നും റിയാസ് ഖാന്‍ പറയുന്നു. ഉണ്ണിക്കൊപ്പം ആദ്യം സാമ്രാജ്യത്തിലാണ് വര്‍ക്ക് ചെയ്യുന്നത്. അത് മുതല്‍ അറിയാം. എങ്ങനെ പഠിച്ചു എന്നതടക്കമുള്ള കാര്യങ്ങളെ പറ്റി അറിയാമെന്നും റിയാസ് ഖാന്‍ പറഞ്ഞു.