നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ‘സമാധി’ വാർത്തകളിലാകെ നിറഞ്ഞു നിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും മീമുകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഈ കേസിനെ മലയാളത്തിലെ ചില ക്രൈം ത്രില്ലർ സിനിമകളുമായി ബന്ധപ്പെടുത്തിയാണ് പുതിയ ട്രോളുകള്‍ എത്തിയിരിക്കുന്നത്. കൊലയ്ക്ക് പകരം സമാധിയായെന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന തരത്തിലാണ് ട്രോളുകൾ പ്രചരിക്കുന്നത്. ദൃശ്യം സിനിമയുടെ അവസാനം വരുണിനെ കൊന്ന കാര്യം അവന്റെ മാതാപിതാക്കളോട് ജോർജ്കുട്ടി തുറന്നുപറയുന്ന രംഗമുണ്ട്. ഈ ഭാഗത്ത് വരുൺ തന്റെ വീട്ടിൽ വെച്ച് സമാധിയായെന്നും സമാധി കുഴിക്കുന്നത് തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തും എന്ന് ജോർജ്കുട്ടി പറയുന്നതായിട്ടാണ് ട്രോളുകൾ.
സൂക്ഷ്മദർശിനിയിൽ ഡയാന എന്ന കഥാപാത്രം മരിച്ചതല്ല സമാധിയായതാണെന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന ക്യാപ്ഷനോടെ സിനിമയിലെ ബേസിലിന്റെയും സിദ്ധാർഥ് ഭരതന്റെയും ചിത്രവുമായെത്തിയ ട്രോള്‍ സംവിധായകൻ എം സി ജിതിൻ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ എല്ലായിടത്തും നെയ്യാറ്റിൻകര ഗോപൻ ആണ് ചർച്ച എന്നറിഞ്ഞ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആറാട്ട് രണ്ടാം ഭാഗം ഇറക്കേണ്ടി വരുമോ എന്ന് ചോദിക്കുന്നതും വൈറലാണ്.