സിനിമ കൊണ്ട് ആളുകള്‍ക്ക് മാറ്റമുണ്ടാവാന്‍ ഇനിയും കുറേ സമയമെടുക്കുമെന്ന് നടി സെറിന്‍ ഷിഹാബ്. ബാക്കിയുള്ളവരുടെ റിയാക്ഷന്‍ നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ല എന്നതാണ് ആട്ടത്തിലൂടെ പഠിച്ച വലിയൊരു പാഠമെന്നും പല സാഹചര്യങ്ങളിലും നമുക്ക് വേണ്ടി വാദിക്കാന്‍ നമ്മള്‍ മാത്രമേയുള്ളൂവെന്നും സെറിന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെറിന്‍റെ പ്രതികരണം
'സിനിമ കൊണ്ട് ആളുകള്‍ക്ക് എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ എന്ന് പറയാന്‍ പറ്റില്ല. അതിന് ഇനിയും കുറേ സമയം വേണം. സ്ത്രീകള്‍ നേരിടുന്ന പല പ്രശ്നങ്ങളേയും കണക്റ്റ് ചെയ്യാന്‍ ആട്ടം സിനിമയ്ക്ക് പറ്റിയിട്ടുണ്ട്. സമൂഹം എങ്ങനെയാണ് നമ്മളെ വീക്ഷിക്കുന്നത്, നമ്മള്‍ ഇരിക്കുന്ന രീതി, വസ്ത്രം ധരിക്കുന്ന രീതിയെ പറ്റിയൊക്കെ എല്ലാവര്‍ക്കും കുറേ അഭിപ്രായങ്ങളുണ്ട്. ബാക്കിയുള്ളവരുടെ പ്രതികരണം നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ല എന്നതാണ് ആട്ടത്തിലൂടെ പഠിച്ച വലിയൊരു പാഠം. പല സാഹചര്യങ്ങളിലും നമുക്ക് വേണ്ടി വാദിക്കാന്‍ നമ്മള്‍ മാത്രമേയുള്ളൂ. ആ ആത്മവിശ്വാസവും ഉള്‍കരുത്തും വേണം,' സെറിന്‍ പറഞ്ഞു.
വസ്ത്രത്തിന്‍റെ പേരില്‍ കുറ്റപ്പെടുത്തുന്നത് മോശമാണെന്നും സെറിന്‍ പറഞ്ഞു. ഇത്രയൊക്കെയേ ഉള്ളോ നമ്മള്‍. ഗൗരവമുള്ള എത്രയോ വിഷയങ്ങളാണ് ലോകത്ത് നടക്കുന്നത്. വസ്ത്രമൊക്കെ ഒരു മുന്‍ഗണനവിഷയമാക്കുന്നത് ചെറിയ മനസുള്ള ആളുകളുടെ ചിന്താഗതിയാണെന്നും സെറിന്‍ കൂട്ടിച്ചേര്‍ത്തു.
ആസിഫ് അലി നായകനായി ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമാണ് ഒടുവില്‍ പുറത്തുവന്ന താരത്തിന്‍റെ ചിത്രം. ചിത്രത്തിലെ സെറിന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. സംവിധായകന്‍ നല്ലൊരു വേഷമാണ് തന്നതെന്ന് സെറിന്‍ പറഞ്ഞു. ആട്ടം കണ്ടാണ് തന്നെ ജോഫിന്‍ വിളിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും സെറിന്‍ പറഞ്ഞു.
സെറിന്‍ ഷിഹാബ് പങ്കെടുത്ത അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും മനോരമ മാക്സിലും കാണാം.