TOPICS COVERED

രേഖാചിത്രം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ 50 കോടി കളക്ഷന്‍ പിന്നിട്ടുണ്ട്. വ്യത്യസ്​തമായ കഥക്കൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടിയാണ് ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നത്. പ്രത്യേകിച്ച് ആസിഫ് അലി, അനശ്വര, സെറിന്‍ ഷിഹാബ്, സിദ്ദീഖ്, മനോജ് കെ.ജയന്‍ തുടങ്ങിയവരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 

ചിത്രത്തില്‍ ഏറ്റവും ഞെട്ടിച്ച രംഗമായിരുന്നു സെറിനും അനശ്വരയും തമ്മിലുള്ളത്. ഈ രംഗം ചിത്രീകരിച്ചതിനെ പറ്റി സംസാരിക്കുകയാണ് സെറിന്‍. ഇങ്ങനെയുള്ള രംഗങ്ങളില്‍ ഒപ്പമുള്ള ആളുമായി കണക്ഷന്‍ വേണമെന്നും താനും അനശ്വരയും തമ്മില്‍ അത് ഉണ്ടായിരുന്നുവെന്നും സെറിന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിയുരുന്നു താരം. 

'ഇത്രയും ഇന്‍വോള്‍വ്​ഡായി ചെയ്യുമ്പോള്‍ ഒപ്പം അഭിനയിക്കുന്ന ആക്​ടറുമായി ഒരു കണക്ഷന്‍ വേണം. അത് ഞാനും അനശ്വരയും തമ്മില്‍ ഉണ്ടായിരുന്നു. നമ്മള്‍ ആദ്യം മീറ്റ് ചെയ്യുന്നത് ഷൂട്ടിന്‍റെ ഫസ്റ്റ് ഡേ ആയിരുന്നു. പക്ഷേ പുള്ളിക്കാരി ആട്ടം കണ്ടിട്ട് എനിക്ക് മെസേജ് അയച്ചിരുന്നു. ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ പോവുകയാണെന്ന് പിന്നെയാണ് എനിക്ക് മനസിലാവുന്നത്. വളരെ സന്തോഷം തോന്നി. കാരണം അനശ്വരയുടെ അഭിനയം എനിക്ക് വളരെ ഇഷ്​ടമാണ്, പ്രത്യേകിച്ച് നേരില്‍. 

ആട്ടം ഇറങ്ങുന്നതിനുമുന്നേയായിരുന്നു നേര് ഇറങ്ങിയത്. നേര് വിജയിച്ചതുകൊണ്ടാണ് ആളുകള്‍ ആട്ടത്തിനേയും സ്വീകരിച്ചത്, ഇതേപോലെ ഒരു ടോപ്പിക്ക് സിനിമയില്‍ എക്സ്​പ്ലോര്‍ ചെയ്യാന്‍ കഴിയുമെന്ന് വന്നതിന് നേര് ഒരു കാരണമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,' സെറിന്‍ പറഞ്ഞു. 

സെറിന്‍ ഷിഹാബ് പങ്കെടുത്ത അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും മനോരമ മാക്സിലും കാണാം.

ENGLISH SUMMARY:

Actress Zarin Shihab opened up about filming a shocking scene with Anaswara in the movie "Rekha Chithram". Zarin emphasized the importance of having a connection with her co-star, especially in intense scenes like this. She revealed that she shared a strong connection with Anaswara, making the scene more authentic and impactful.