'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' ന്റെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച സംവിധായകന്‍ ദീപു കരുണാകരന് മറുപടിയുമായി നടി അനശ്വര രാജന്‍. സിനിമയുടെ ഭാഗമായി അഭിമുഖം നല്‍കിയിട്ടുണ്ടെന്നും പുതുമുഖവും പെൺകുട്ടിയുമായതിനാല്‍ പ്രതികരിക്കില്ല എന്ന മനോഭാവമാവാം എന്‍റെ പേര് പറഞ്ഞതിന് പിന്നിലെന്നും അനശ്വര രാജന്‍ പറഞ്ഞു.
ക്യാരക്ടര്‍ പോസ്റ്റർ, ട്രെയിലര്‍ എന്നിവ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌തിട്ടുണ്ട്. ഒഫീഷ്യൽ ഫേസ്ബുക് പേജിലും എല്ലാ പോസ്റ്റുകളും ഷെയര്‍ ചെയ്തിരുന്നു. സിനിമയുടെ ഭാഗമായി ഞാൻ ഇന്‍റർവ്യൂ കൊടുത്തിട്ടുണ്ട്. ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ എന്റേത് മാത്രമാണെന്നും അനശ്വര പറഞ്ഞു.
ശേഷം ടീമിന്റെ ഭാഗത്തു നിന്ന് ഒരുതരത്തിലും അപ്ഡേറ്റും വന്നിട്ടില്ല. റിലീസിനു രണ്ട് ദിവസം മുൻപ് ബന്ധപ്പെട്ടപ്പോള്‍ റിലീസ് മാറ്റി വച്ചു എന്നാണ് അറിയിച്ചത്. അങ്ങോട്ട് വിളിച്ചപ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞതെന്നും അനശ്വര പറഞ്ഞു. റിലീസ് എന്നാണെന്ന് പോലും എനിക്ക് അറിയാത്ത ഒരു ചിത്രത്തിന്‍റെ പ്രൊമോഷനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുന്നത് തന്‍റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണെന്ന് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലുണ്ട്.
'ഷൂട്ട് സമയത്ത് ക്യാരവനിൽ നിന്നും പുറത്തിറങ്ങാത്ത, കൃത്യസമയത്ത് ഷൂട്ടിനു എത്തി സഹകരിക്കാത്ത ദുരനുഭവങ്ങൾ മറ്റ് അഭിനേതാക്കളിൽ നിന്നും, നടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പരാമർശിച്ചിട്ടുണ്ട്. അവരുടെ പേരുകൾ ഒഴിവാക്കി കേവലം ഇൻസ്റ്റഗ്രാമിൽ മ്യൂസിക് പോസ്റ്റർ ഷെയർ ചെയ്‌തില്ല എന്ന് വിമർശിച്ച്, എന്റെ പേര് മാത്രം പരസ്യമായി പറഞ്ഞു. താരതമ്യേന പുതുമുഖവും പെൺകുട്ടിയുമായ എന്‍റെ പേര് പറഞ്ഞതിലൂടെ ഞാൻ പ്രതികരിക്കില്ല എന്ന മനോഭാവമാവാം', അനശ്വര വ്യക്തമാക്കി.
മുൻകൂട്ടി അറിയിച്ചാൽ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷനു എത്താൻ ഞാൻ തയ്യാറാണ്. ഞാൻ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായ പ്രൊമോഷനില്‍ പങ്കെടുക്കുന്നത് ഉത്തരവാദിത്വം ആണെന്ന ബോധ്യമുള്ള വ്യക്തിയാണെന്നും അനശ്വര വ്യക്തമാക്കി.
വിഷയത്തില്‍ അമ്മ അസോസിയേഷനിൽ പരാതി നല്‍കിയിട്ടുണ്ട്. വിഷയം മുന്നോട്ട് കൊണ്ടുപോയി അപകീർത്തിപ്പെടുത്താനാണ് തീരുമാനമെങ്കില്‍ നേരിടുമെന്നും അനശ്വര എഴുതി. അപകീർത്തിപെടുത്തുന്ന വാർത്തകൾ പുറത്തുവിടുന്ന യൂട്യൂബ് ചാനൽ, വ്ലോഗേഴ്സ് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അനശ്വര പറഞ്ഞു.