ബാന്ദ്രയിലെ വസതിയിൽവച്ച് അക്രമിയിൽ നിന്നും ഗുരുതര പരുക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടതിന് പിന്നാലെ നിലവില്‍ താമസിക്കുന്ന വീട് മാറാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണം ഉണ്ടായതിന് പിന്നാലെ വീട്ടിലെ സുരക്ഷാ പ്രശ്നങ്ങള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിലേക്ക് മാറാന്‍ സെയ്ഫും കുടുംബവും ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഭാര്യ കരീന കപൂറിനും മക്കളായ തൈമൂറിനും ജെഹിനുമൊപ്പം ബാന്ദ്രയിലെ പഴയ വസതിയിലേക്ക് മടങ്ങാൻ താരം തീരുമാനിച്ചതായാണ് റിപ്പോർട്ട്. സദ്ഗുരു ശരണിലെ നിലവിലെ വസതിയില്‍ നിന്ന് വെറും 500 മീറ്റർ മാത്രം അകലെ ബാന്ദ്രയിലെ ഫോർച്യൂൺ ഹൈറ്റ്സിലാണ് ഇവരുടെ പഴയ വീട് സ്ഥിതി ചെയ്യുന്നത്. എങ്കില്‍പ്പോലും നിലവിലെ താമസസ്ഥലത്തേക്കാൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഫോർച്യൂൺ ഹൈറ്റ്സിലുണ്ട്. സുരക്ഷാ നിരീക്ഷണം ഉണ്ടായിരിക്കും എന്ന് മുംബൈ പൊലീസും അറിയിച്ചിട്ടുണ്ട്.
സെയ്ഫ് പൂർണ്ണമായി ആരോഗ്യം വീണ്ടെടുക്കുന്നത് വരെ സ്വസ്ഥമായി കഴിയുന്നതിനു വേണ്ടിയാണ് ബാന്ദ്രയിലെ പഴയ വീട്ടിലേക്ക് താമസം മാറുന്നത്. പരിചിതവും സുരക്ഷിതവുമായ സ്ഥലത്തേക്ക് മാറുന്നതോടെ സെയ്ഫിന് ശാരീരികമായും മാനസികമായും പെട്ടെന്ന് സുഖം പ്രാപിക്കാനുള്ള അന്തരീക്ഷം ലഭിക്കുമെന്ന് ദമ്പതികൾ വിശ്വസിക്കുന്നു. ഈ കാലയളവില്‍ സ്വകാര്യത സംരക്ഷിക്കാനും അനാവശ്യ സമ്മർദ്ദം ഒഴിവാക്കാനും കുടുംബം ലക്ഷ്യമിടുന്നുണ്ട്.
ജനുവരി 16 ന് നടന്ന ആക്രമണത്തില്‍ സെയ്ഫിന് കഴുത്തിലും നെഞ്ചിലും നട്ടെല്ലിനരികിലുമായി കുത്തേറ്റിരുന്നു. ആറുദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് താരം വീട്ടില്‍ തിരിച്ചെത്തിയത്. വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ചൊവ്വാഴ്ച വീട്ടില്‍ തിരിച്ചെത്തിയ സെയ്ഫിനെ വീടു മുഴുവന്‍ ദീപാലംകൃതമാക്കിയാണ് കുടുംബം സ്വാഗതം ചെയ്തത്.