കുത്തേറ്റ് ഗുരുതര പരുക്കേറ്റ നടന്‍ സെയ്‌ഫ് അലി ഖാന്‍ പൊടുന്നനെ സുഖം പ്രാപിച്ചതില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന നേതാവ് സഞ്ജയ് നിരുപം. സാമൂഹ്യ മാധ്യമങ്ങളിലും നിരവധിപേര്‍ ഇതേ വികാരം പങ്കുവച്ചിരുന്നു. നട്ടെല്ലിന് പരുക്കേറ്റ ഒരാള്‍ക്ക് എങ്ങനെ പെട്ടന്ന് എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞു എന്നാണ് ചോദ്യം.
എല്ലാവരെയും കൈവീശി കാണിച്ച് ആരോഗ്യവാനായി വീട്ടിലെത്തിയ സെയ്ഫ് അലി ഖാന്‍റെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാള്‍ക്ക് അഞ്ച് ദിവസം കഴിഞ്ഞ് എങ്ങനെ എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞെന്നാണ് ചോദ്യം. മറ്റെന്തെങ്കിലും മറയ്ക്കാനുള്ള ശ്രമമാണോ ഈ സംഭവമെന്ന സംശയമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ശിവസേന നേതാവും ഇതേ വാദം ഉന്നയിക്കുന്നത്.
ആറുമണിക്കൂര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ അഞ്ച് ദിവസം കൊണ്ട് പൊടുന്നനെ എങ്ങനെ ആശുപത്രി വിട്ടു. നടന്നും ഡാന്‍സ് ചെയ്തുമാണ് നടന്‍ വീട്ടിലേക്ക് കയറിപ്പോയത്. കുടുംബം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടു. ആക്രമണത്തെ ഊതിപ്പെരുപ്പിച്ച് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടു എന്ന വാദമാണ് ഭരണകക്ഷി നേതാവ് ഉന്നയിക്കുന്നത്.
എന്നാല്‍ ഇത്തരം ശസ്ത്രക്രിയ നടന്ന് രണ്ട് മൂന്ന് ദിവസത്തിനകം ആശുപത്രി വിടാന്‍ കഴിയും എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സൗന്ദര്യമെന്ന് ഒരു ഡോക്ടര്‍ എക്സില്‍ കുറിച്ചു. നടനെ ചികില്‍സിച്ച ലീലാവതി ആശുപത്രിയില്‍ എത്തിച്ച് സഞ്ജയ് നിരുപമിന്‍റെ മാനസിക നില പരിശോധിക്കണമെന്ന് ഉദ്ധവ് പക്ഷ നേതാവ് ആനന്ദ് ദുബെ പരിഹസിച്ചു.