സംവിധായകന്‍ ഷാഫിയുടെ വേര്‍പാടിന്‍റെ വേദനയിലാണ് സിനിമാലോകം. പേര് കേട്ടാൽതന്നെ ചിരിയോർമകളുള്ള ഒരുകൂട്ടം ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ഷാഫി. കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂ കണ്‍ട്രീസ് തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങള്‍ ഇന്നും കാഴ്ചക്കാരില്‍ ചിരിപടര്‍ത്തുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഷാഫി എന്ന സംവിധായകന്‍റെ മികവ് തന്നെയാണ്. ഈ ചിത്രങ്ങളില്‍ രാമന്‍കുട്ടിയും സോളമനും ഉല്ലാസുമായെത്തിയത് നടന്‍ ദിലീപ് ആയിരുന്നു.
ഷാഫിയുടെ വിയോഗത്തില്‍ ദിലീപ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. താന്‍ ഒരു സഹോദരന്റെ സ്ഥാനത്താണ് ഷാഫിയെ കണ്ടിരുന്നത് എന്നാണ് ദിലീപ് കുറിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാടെന്ന് ദിലീപ്.
ദിലീപിന്‍റെ ഫേസ്ബുക്ക് കുറിപ്പ്;
പ്രിയപ്പെട്ട ഷാഫി പോയി.....
ഞാൻ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, 3 സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ. എന്നാൽ അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല..... ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്...
പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ.