സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. സോഷ്യല്‍മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ അനുശോചനം. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു ഷാഫിയെന്നും തന്‍റെ ജീവിതത്തിലെ വ്യക്തി നഷ്ടം കൂടിയാണ് അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള യാത്ര പറച്ചിലെന്നും സുരാജ് കുറിച്ചു. 

മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂടിന്‍റെ ദശമൂലം ദാമ. ആ കഥാപാത്രത്തെ സുരാജിന് സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് ഷാഫി. ഷാഫിയുടെ വേര്‍പാട് ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ എന്നും സുരാജ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 

സുരാജ് പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു എനിക്ക് അദ്ദേഹം..

എന്നെന്നും മലയാളികൾ എന്നെ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ....

ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല ഈ വേർപാട്...

അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ...വിട 

ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ വൺ മാൻ ഷോ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി.