സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തില്‍ പൊരുത്തക്കേടുകള്‍ തുടര്‍ക്കഥയാകുന്നു. 19 സെറ്റ് ഫിംഗര്‍പ്രിന്‍റുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒന്നുപോലും പ്രതി ഷെരിഫുള്‍ ഇസ്ലാമിന്‍റേതായില്ല. സ്റ്റേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍മെന്‍റിലേക്ക് അന്വേഷണ സംഘം സെയ്ഫിന്‍റെ വീട്ടില്‍ നിന്ന് ശേഖരിച്ച ഫിംഗര്‍ പ്രിന്‍റുകള്‍ അയച്ചിരുന്നു. പ്രതിയുടെ ഫിംഗര്‍പ്രിന്‍റുമായി ഇവയിലൊന്നുപോലും ഒത്തുപോകുന്നില്ല. ഇതോടെ മുംബൈ പൊലീസ് വീണ്ടും വെട്ടിലായിരിക്കുകയാണ്.

മുന്‍പ് സംഭവത്തിലെ മൊഴികളിലെ ചില പൊരുത്തക്കേടുകളും ദുരൂഹതയുളവാക്കിയിരുന്നു. സെയ്ഫിനെ വീടിന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകി. ആക്രമണം നടന്നത് പുലര്‍ച്ചെ രണ്ടരയ്ക്ക്. ആശുപത്രിയില്‍ എത്തിച്ചത് പുലര്‍ച്ചെ 4.10ന്. ഫ്ലാറ്റില്‍ നിന്ന് പത്തുമിനിറ്റ് മാത്രം ദൂരമുള്ള ആശുപത്രിയില്‍ വരാന്‍ എന്തുകൊണ്ട് ഇത്രയും വൈകി എന്ന ചോദ്യം ശക്തമാണ്. ആദ്യം പറഞ്ഞത് മകന്‍ ആശുപത്രിയില്‍‌ എത്തിച്ചുവെന്ന്. പിന്നീട് മകനല്ല, സുഹൃത്താണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് മെഡിക്കല്‍ രേഖകളില്‍ നിന്ന് വ്യക്തമായി. 

ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ എട്ടുവയസുകരനായ മകന്‍ തൈമൂറിനെയാണ് ഒപ്പം കൂട്ടിയത് എന്നായിരുന്നു ഡോക്ടര്‍മാരുടെ മൊഴി. എന്നാല്‍ കുടുംബ സുഹൃത്ത് അഫ്‍സാര്‍ സെയ്‌ദിയുടെ പേരാണ് ആശുപത്രി രേഖകളിലുള്ളത്. എന്നാല്‍ കുടുംബം വിളിച്ചത് അനുസരിച്ച് പുലര്‍ച്ചെ മൂന്നരയ്ക്ക് ശേഷമാണ് താന്‍ എത്തിയതെന്ന് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായി സെയ്‌ദി വിശദീകരിക്കുന്നു. ഇതിനിടെ കരീന വീട്ടിലുണ്ടായിരുന്നുവെന്നും ഗേള്‍സ് പാര്‍ട്ടിയിലായിരുന്നു എന്ന വാദങ്ങളും ഉയര്‍ന്നു.

ഇതിനെല്ലാം പുറമേ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ നടന് എങ്ങനെ അഞ്ച് ദിവസം കൊണ്ട് ആശുപത്രി വിടാനായി എന്നതും സംശയമുനയിലാണ്. സെയ്ഫിന് ആറ് കുത്തേറ്റു എന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കില്‍ അഞ്ച് പരുക്കുകളുടെ കാര്യം മാത്രമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. 

അക്രമി ഒരുകോടി രൂപ ആവശ്യപ്പെട്ട് ഭീണിപ്പെടുത്തിയെന്ന് നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞതായും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, തന്‍റെ മകനെ പൊലീസ് കുടുക്കിയതാണെന്ന് ബംഗ്ലദേശ് സ്വദേശിയായ പ്രതിയുടെ പിതാവ് ആരോപിച്ചു. സിസിടിവി ദൃശ്യവുമായി തന്‍റെ മകന്‍ ഷെരിഫുള്‍ ഇസ്ലാമി സാമ്യമില്ലെന്നാണ് പിതാവ് അമിന്‍ ഫക്കിര്‍ പറയുന്നത്.

ENGLISH SUMMARY:

Fingerprints collected from actor Saif Ali Khan's residence after the attempted burglary and knife attack on him do not match the fingerprints of the accused Shariful Islam, the investigation into the high-profile case has found. According to sources, Mumbai Police had sent the fingerprints found at Mr Khan's home to the fingerprint bureau of the state Criminal Investigation Department. A system-generated report has established that the prints do not match Shariful's. The CID, sources said, has informed the Mumbai Police that the test result is negative.