മുംബൈയിലെ വസായ് ബീച്ചില്‍ ഇരുപതുകാരിയെ ബലാല്‍സംഗത്തിനിരയാക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി. വാലിവിനടുത്ത് ഖെയ്ര്‍പാഡ സ്വദേശി രാജ് രത്തന്‍ സദാശിവ് വൈവല്‍ (32) ആണ് അറസ്റ്റിലായത്. പാല്‍ഗര്‍ ജില്ലയിലെ നലസോപാറ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പാല്‍ഗറില്‍ നിന്ന് ട്രെയിനില്‍ മുംബൈയിലെത്തിയ തന്നെ വസായ് ബീച്ചില്‍ വച്ച് ബലാല്‍സംഗം ചെയ്തശേഷം രാജ് രത്തന്‍ കടന്നുകളഞ്ഞു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
കടുത്ത വേദനയില്‍ പുളഞ്ഞ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍മാരും പൊലീസും നടുങ്ങി. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും കടത്തിവച്ച നിലയിലായിരുന്നു. ബലാല്‍സംഗം ചെയ്തയാള്‍ തന്നെയാണ് ഇതും ചെയ്തതെന്ന് യുവതി പറഞ്ഞു. എന്നാല്‍ മൊഴികളിലെ വൈരുധ്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച പൊലീസ് അമ്പരന്നു. യുവതിയെ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് വസ്തുതകള്‍ വെളിപ്പെട്ടത്.
ഓട്ടോഡ്രൈവര്‍ക്കൊപ്പമാണ് യുവതി യാത്ര ചെയ്തത്. ആദ്യം വിരാറിലെ അര്‍ണാല ബീച്ചിലെത്തി. അവിടെ അടുത്തുള്ള ഗസ്റ്റ് ഹൗസില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ മുറി കിട്ടിയില്ല. പിന്നെ അന്നുരാത്രി ബീച്ചില്‍ തങ്ങാന്‍ ഇരുവരും തീരുമാനിച്ചു. ബീച്ചില്‍ വച്ച് രാജ് രത്തന്‍ തന്നെ ബലാല്‍സംഗം ചെയ്തശേഷം സ്ഥലംവിട്ടുവെന്നാണ് യുവതി പിന്നീട് പറഞ്ഞത്. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞാലുള്ള പ്രത്യാഘാതം ഭയന്ന് സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി സ്വകാര്യഭാഗത്ത് കടത്തിവച്ചു. പിന്നീട് രാം മന്ദിര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കടുത്ത വേദനയായി. അങ്ങനെയാണ് ആശുപത്രിയില്‍ എത്തിയത്.
ഡോക്ടര്‍മാര്‍ സര്‍ജിക്കല്‍ ബ്ലേഡും കല്ലും മറ്റും നീക്കം ചെയ്തു. ബോധം വന്നശേഷം ചോദിച്ചപ്പോള്‍ അനാഥയാണെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ കുറച്ചുനേരം കഴിഞ്ഞ് അച്ഛന്‍ തേടിയെത്തിയപ്പോള്‍ മൊഴി മാറ്റി. 2023ല്‍ മറ്റ് രണ്ടുപേര്‍ക്കെതിരെയും യുവതി ബലാല്‍സംഗ പരാതി നല്‍കിയിട്ടുണ്ടെന്ന് അച്ഛന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഖെയ്ര്‍പാഡയിലെ ചേരിയില്‍ നിന്ന് പൊലീസ് രാജ് രത്തനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മൊഴികള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. അവരുടെ യാത്രയെക്കുറിച്ചും കണ്ടുമുട്ടിയവരെക്കുറിച്ചും മുന്‍കാല പരാതികളെക്കുറിച്ചുമെല്ലാം വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഭാരതീയ ന്യായ സംഹിതയുടെ 64(2) എം വകുപ്പ് പ്രകാരം ആവര്‍ത്തിച്ചുള്ള ബലാല്‍സംഗത്തിനാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.