mamta-mohandas-news

സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ കുറിപ്പുമായി നടി മമ്ത മോഹന്‍ദാസ്. സോഷ്യല്‍മീഡിയയിലൂടെയാണ് താരം വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചത്. ഒപ്പം ഷാഫിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. ഷാഫിക്കയുടെ മരണവാര്‍ത്ത ഹൃദയം തകര്‍ത്തു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ സുഖം പ്രാപിച്ചു തിരികെ സാധാരണ ജീവിതത്തിലേക്ക് വരണം എന്നു പ്രാര്‍ഥിച്ചിരുന്നുവെന്ന് മമ്ത കുറിച്ചു. 

95 ദിവസം നീണ്ട ഷൂട്ടിംഗ്,  മണിക്കൂറുകൾ നീണ്ട സംഭാഷണങ്ങൾ എല്ലാം താരത്തിന്‍റെ മനസ്സിൽ ഇപ്പോഴും ഓർമ്മകളായി നിലനിൽക്കുന്നുവെന്നും ഇനി ഷാഫിയെ വളരെയധികം മിസ് ചെയ്യുമെന്നും മമ്ത വെളിപ്പെടുത്തി.

ഷാഫി സംവിധാനം ചെയ്ത ‘ടു കൺട്രീസ്’ എന്ന ചിത്രത്തിലെ നായികയായിരുന്നു മംമ്ത. ആരാധകര്‍ എപ്പോഴും ‘3 കൺട്രീസ്’ എപ്പോഴായിരിക്കും സ്ക്രീനിലെത്തുക എന്ന് ചോദിക്കാറുണ്ടെന്ന് ഷാഫിയോട് പറഞ്ഞപ്പോള്‍ താന്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു മറുപടിയെന്ന് മമ്ത പറയുന്നു. 95 ദിവസം നീണ്ട ഷൂട്ടിംഗ്,  മണിക്കൂറുകൾ നീണ്ട സംഭാഷണങ്ങൾ തുടങ്ങി ഷാഫിയ്ക്കൊപ്പമുള്ള ധാരാളം ഓര്‍മകളും താരം കുറിപ്പില്‍ പങ്കുവച്ചു. എല്ലാത്തിലും ഹാസ്യം കണ്ടെത്താനുള്ള അസാധ്യ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മമ്ത കുറിച്ചു. 

ഇപ്പോള്‍ തന്‍റെ ഹൃദയം അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പമാണ്. ഈ നഷ്ടത്തിന്‍റെ വേദന പങ്കുവയ്ക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഷാഫിക്ക നിങ്ങള്‍ എക്കാലവും ഏറ്റവും പ്രിയപ്പെട്ടവനായി തുടരും. ഈ നിമിഷം ഞാന്‍ വിഷമിക്കുന്നുണ്ടെങ്കിലും നിങ്ങളെ ഓര്‍ക്കുമ്പോള്‍ എന്‍റെ മുഖത്ത് പുഞ്ചിരി ഉണ്ടാകും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി താരങ്ങളും സഹപ്രവര്‍ത്തകരും ഷാഫിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഒത്തിരി സ്‌നേഹമുള്ള ഓര്‍മകള്‍ ബാക്കിയാക്കി നമ്മെ വിട്ടുപിരിഞ്ഞെന്നും സ്വര്‍ഗത്തിലും പുഞ്ചരിക്കൂ എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 'റസ്റ്റ് ഇന്‍ പീസ് ബ്രദര്‍' എന്നായിരുന്നു പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി.