പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. ദളപതി വിജയുടെ അവസാന ചിത്രത്തിന്‍റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തുന്ന പോസ്റ്റര്‍ വിജയ് തന്‍റെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചു. പോസ്റ്റര്‍ വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായെത്തുന്നത്.
ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണ് 'ജനനായകന്‍'. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്ക് മേലുള്ളത്. 2025 ഒക്ടോബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നതാണ് ലഭ്യമായ വിവരം. സിനിമയുടെ കൂടുതല്‍ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാലോകവും.