Image Credit; Facebook

എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥയുടെ ഒഫീഷ്യല്‍ ട്രൈലര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മമ്മൂട്ടിക്ക് ഒപ്പം നില്‍ക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കിട്ടു. 1989ൽ തിയേറ്ററുകളിലെത്തിയ മലയാള ചലച്ചിത്രമാണ് 4കെ ദൃശ്യ, ശബ്ദ മികവോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ചന്തു ചേകവരായും, സുരേഷ് ഗോപി ആരോമല്‍ ചേകവരായുമാണ് വേഷമിട്ടത്.   

വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിന് വേറിട്ട മുഖം നല്‍കിയ സിനിമയായിരുന്നു വടക്കൻ വീര​ഗാഥ. മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം, മികച്ച തിരക്കഥയ്ക്കും, മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനിനുമുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി. 7 സംസ്ഥാന അവാർഡുകളാണ് ചിത്രം നേടിയത്. 

ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രെയിലര്‍ ലോഞ്ച് അമ്മയുടെ ഓഫീസിലാണ് നടന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ചേർന്നാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. എം.ടി സാറിന് പദ്മവിഭൂഷൺ കിട്ടിയ ദിവസം അദ്ദേഹത്തിന്റെ ക്ലാസിക് സിനിമ റീ റിലീസ് ട്രെയിലര്‍ ലോഞ്ച് ചെയ്യാൻ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. അന്തരിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെനുഗ ജയതിലക്, ഷെർഗ സന്ദീപ്,  ചിത്രത്തിൽ അഭിനയിച്ച വിനീത് കുമാർ, ജോമോൾ, രാമു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

ചിത്രത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി, ബോംബെ രവിയാണ് സംഗീതമൊരുക്കിയത്. 

ENGLISH SUMMARY:

Suresh Gopi shared the trailer of Oru Vadakkan Veeragatha. Oru Vadakkan Veeragatha (transl. A northern ballad of valour), credited internationally as A Northern Story of Valor, is a subplot of Vadakkan Pattukal, a medieval ballad from North Malabar and is often regarded as a classic in Malayalam cinema. The film won four National Film Awards including Best Actor (Mammootty), Best Screenplay (Nair), Best Production Design and Best Costume Design (P. Krishnamoorthy) and eight Kerala State Film Awards. The film tells the story in a different way, were the character of Chanthu is a good man in the movie, while the original ballad depicts him as a cheater.