നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടാനാവാത്ത കേരള പൊലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കൊലക്കേസ് പ്രതിയുടെ കയ്യിൽ നിന്നും ഭീഷണി ഉണ്ടെന്ന് കൊല ചെയ്യപ്പെട്ടവർ പൊലീസിൽ പരാതി പറഞ്ഞിട്ടും, ആ കുടുംബത്തിന് ഒരു സംരക്ഷണവും പൊലീസ് നൽകിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പൗരന്മാരുടെ ജീവന് സുരക്ഷ നൽകുക എന്ന കാര്യത്തിൽ കേരളത്തിലെ പൊലീസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ മുരളി തുമ്മാരുകുടി ഉന്നയിക്കുന്നത്. സംവിധാനങ്ങളുടെ പോരായ്മ കൊണ്ട് അനാഥയാക്കപ്പെട്ട ആ കുട്ടിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റവും വേഗത്തിൽ ഏറ്റെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പൗരന്‍റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നതാണ് സംസ്ഥാനത്തിന്‍റെ, പ്രത്യേകിച്ചും പൊലീസിന്‍റെ പ്രധാന ഉത്തരവാദിത്തം.
പാലക്കാട് ഒരു കൊലക്കേസ് പ്രതി ജാമ്യത്തിൽ ഇറങ്ങി ജാമ്യവ്യവസ്ഥ ലംഘിച്ച് മുൻപ് കൊല നടത്തിയ പ്രദേശത്ത് എത്തി മുൻപ് അയാൾ കൊലപ്പെടുത്തിയ ആളുകളുടെ അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തുന്നു.
കൊലക്കേസ് പ്രതിയുടെ കയ്യിൽ നിന്നും ഭീഷണി ഉണ്ടെന്ന് കോല ചെയ്യപ്പെട്ടവർ പൊലീസിൽ പരാതി പറഞ്ഞിരുന്നുവെന്ന് പറയുന്നു. പത്ര വാർത്തകൾ ശരിയാണെങ്കിൽ ഇക്കാര്യം കാര്യമായി എടുത്തില്ല. കുടുംബത്തിന് ഒരു സംരക്ഷണവും നൽകിയില്ല.
പൗരന്മാരുടെ ജീവന് സുരക്ഷ നൽകുക എന്ന കാര്യത്തിൽ പൊലീസ് സംവിധാനം തീർച്ചയായും പരാജയപ്പെട്ടു.
കൊലക്കേസിൽ ജയിലിൽ കിടക്കുന്നവർക്ക് പോലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കൊല ചെയ്യാനുള്ള സാഹചര്യം ഉണ്ട് എന്ന് വച്ചാൽ എങ്ങനെയാണ് ആളുകൾ ധൈര്യമായി ഇത്തരം സാഹചര്യങ്ങളിൽ സാക്ഷി പറയുന്നത്?. കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ എങ്ങനെയാണ് സമാധാനമായി കിടന്നുറങ്ങുന്നത്.
പല നാടുകളിലും കൊലപാതകികൾക്ക് ജാമ്യം നൽകുന്നതിന് മുൻപ് കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിനോട് കൂടി അഭിപ്രായം ചോദിക്കുന്ന രീതി ഉണ്ട്. ചുരുങ്ങിയത് കൊലപാതകി നാട്ടിൽ സ്വതന്ത്രമായി ഉള്ളിടത്തോളം കാലം കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിന് സംരക്ഷണം നൽകുക എങ്കിലും ചെയ്യേണ്ട ഉത്തരവാദിത്തം പൊലീസ് ഏറ്റെടുക്കണം. അതുണ്ടായില്ല.
ഈ പ്രത്യേക കേസിൽ ഒരു കുട്ടിയുടെ അമ്മയും ഇപ്പോൾ അച്ഛനുമാണ് കൊല ചെയ്യപ്പെട്ടത്. അത് സംഭവിച്ചത് നമ്മുടെ സംവിധാനങ്ങളുടെ പരാജയമാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം. ജാമ്യം നൽകുന്നതിലും ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിലും മാറ്റങ്ങൾ ഉണ്ടാകണം. സംവിധാനങ്ങളുടെ പോരായ്മ കൊണ്ട് അനാഥയാക്കപ്പെട്ട ആ കുട്ടിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റവും വേഗത്തിൽ ഏറ്റെടുക്കേണ്ടതുമാണ്.