gopi

അഭിനയത്തില്‍ സ്വന്തം ശൈലിയുടെ മുഴക്കങ്ങള്‍ തീര്‍ത്ത ഭരത് ഗോപി ഓര്‍മയായിട്ട് ഇന്ന് 17 വര്‍ഷം. മറ്റൊരു നടനും വഴങ്ങാത്ത ഒരുപിടി കഥാപാത്രങ്ങളാണ് ഈ മഹാപ്രതിഭയുടെ ശേഷിപ്പ്.  

 

ഒട്ടും നാട്യങ്ങളില്ലാത്ത ഭാവങ്ങളുടെ ഉടമ. അഭിനയത്തിലെ ഈ കരുത്ത് ഗോപിനാഥന്‍ വേലായുധന്‍ നായരെന്ന ഗോപിയെ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറിട്ടുനിര്‍ത്തി. അടിമുടി കഥാപാത്രങ്ങളിലേക്ക് പരിണമിക്കുന്ന അഭിനയശൈലി. പകരംവയ്ക്കാനോ മറ്റാര്‍ക്കും പകര്‍ന്നാടാനോ പറ്റാത്ത നടനവൈഭവം.

നാടക നടനായി തുടക്കം. അടൂരിന്റെ സ്വയവരത്തിലൂടെ  സിനിമയില്‍. പിന്നീട്  കൊടിയേറ്റത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. അങ്ങനെ കൊടിയേറ്റം ഗോപിയെന്ന് അറിയപ്പെട്ട ഗോപി, ഭരത് ഗോപിയെന്ന് പേരെടുത്തു. യവനിക, പഞ്ചവടിപ്പാലം, പാളങ്ങള്‍, ഓര്‍മ്മയ്ക്കായ്, കാറ്റത്തെ കിളിക്കൂട്, ആദാമിന്റെ വാരിയെല്ല്, ചിദംബരം തുടങ്ങി  ജീവന്‍കൊടുത്ത കഥാപാത്രങ്ങളും സിനിമകളുമേറെ. ഉല്‍സവപ്പിറ്റേന്നും യമനവുമടക്കം ഒരുക്കി സംവിധാനത്തിലും കയ്യൊപ്പിട്ടു.  2008 ല്‍ വിടപറയുമ്പോള്‍ ഈ വിടര്‍ന്ന നെറ്റിക്കാരന്‍ ബാക്കിവച്ച കഥാപാത്രങ്ങളുടെ ലോകം അത്രമേല്‍ വൈവിധ്യപൂര്‍ണം. ആ ഭാവപ്രകടനങ്ങള്‍ കടന്നുപോയ മഹാനടന് ഇന്നും സാക്ഷ്യം പറയുന്നു.

ENGLISH SUMMARY:

Bharath gopi birthday