empuraan-fahadh-mohanlal

മലയാള സിനിമ ലോകം ഇന്ന് ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ലൂസിഫര്‍ എന്ന വമ്പന്‍ ചിത്രത്തിന് തുടര്‍ച്ചയുമായി മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷ ഏറെയാണ്. ഇതിനിടക്ക് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രം ചര്‍ച്ചയാവുകയാണ്. പൃഥ്വിരാജിനും ഫഹദ് ഫാസിലിനുമൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. 

'സയിദ് മസൂദിനും രംഗക്കുമൊപ്പം' എന്നാണ് മോഹന്‍ലാല്‍ ഫോട്ടോയ്​ക്കൊപ്പം കുറിച്ചത്. ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ രസകരമായ കമന്‍റുകളുമെത്തി. 'ഏട്ടന്മാരുടെ നടുവിന്‍ ഏതാണൊരു പയ്യന്‍' എന്നാണ് ഒരു കമന്‍റ്. 'മൂന്ന് ചെറുപ്പക്കാര്‍' എന്നും കമന്‍റുണ്ട്. 'രംഗണ്ണനും എമ്പുരാനില്‍ വരുമോ' എന്ന് ചോദിച്ചവരുമുണ്ട്. ചിത്രത്തിന്‍റെ ചുവട് പിടിച്ച് ഫഹദ് ഫാസില്‍ എമ്പുരാനില്‍ വരുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. 

തീ കത്തി രണ്ടായി കീറി പോയ തുണിയുടെ മറവില്‍ വെള്ള ഷര്‍ട്ട് അണിഞ്ഞ് ഒരാള്‍ നില്‍ക്കുന്ന എമ്പുരാന്‍ പോസ്റ്റര്‍ വലിയ ചര്‍ച്ചയായിരുന്നു. ഷര്‍ട്ടില്‍ ഒരു ഡ്രാഗണിന്‍റെ ചിത്രവുമുണ്ട്. മോഹന്‍ലാലിനേയും ഈ പോസ്റ്ററില്‍ അവ്യക്തമായി കാണാം. മോഹന്‍ലാലിന്‍റെ പുതിയ പോസ്റ്റോടെ ഈ വെള്ള ഷര്‍ട്ടുകാരന്‍ ഫഹദാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഈ പോസ്റ്റര്‍ പുറത്തുവന്ന സമയത്ത് ഇത് മമ്മൂട്ടി ആണെന്നും അതല്ല ബേസില്‍ ജോസഫാണെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 

അതേസമയം, എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തുന്നത്. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ എന്നിവര്‍ക്ക് പുറമേ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം

ENGLISH SUMMARY:

Empuraan is the most awaited film in the Malayalam cinema world today. Meanwhile, a picture shared by Mohanlal on social media is being discussed. Mohanlal has shared a picture with Prithviraj and Fahad Faasil