മിനിസ്ക്രീൻ താരങ്ങളായ സൽമാനുളും മേഘ മഹേഷും വിവാഹിതരായി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം എന്ന സീരിയലിലെ നായകനാണ് സൽമാനുള്‍. തിരുവനന്തപുരം കരകുളം റജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. സീരിയല്‍ താരമാണ് വധു മേഘ മഹേഷും.
‘മിസ്റ്റർ ആന്റ് മിസിസ് സഞ്ജുവിൽ നിന്ന് മിസ്റ്റർ ആന്റ് മിസിസ് സൽമാനിലേക്ക്’ എന്ന കുറിപ്പോടെയാണ് വിവാഹ വിവരം സൽമാൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ബാലതാരമായാണ് മേഘ അഭിനയ രംഗത്തേക്ക് എത്തുന്നത്. എൻജിനീയറിങ് ബിരുദധാരിയാണ് സല്‍മാനുൾ. ഇരുവരും സീരിയൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്. വിവാഹിതരായെന്ന വിവരം അറിയിച്ചുകൊണ്ട് പങ്കുവച്ച വിഡിയോയ്ക്കു താഴെ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടുള്ള നിരവധി കമന്റുകളും എത്തി.
‘ഒടുവിൽ, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, സ്നേഹവും, കരുതലും, ആഘോഷങ്ങളും ഉയർച്ച താഴ്ചകളും, യാത്രകളും, മറ്റെല്ലാ കാര്യങ്ങളും ഒരുമിച്ച് എന്നെന്നേക്കുമായി പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു! എല്ലായിപ്പോഴും ഞങ്ങളെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി! നിങ്ങളെയെല്ലാം സ്നേഹിക്കുന്നു.’– സൽമാൻ സമൂഹമാധ്യമത്തിൽ കുറിച്ചു.