ആഗോള തലത്തില്‍ വന്‍വിജയമായി മാറിയ ചിത്രമാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2. റിലീസ് ചെയ്ത മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് കേരളത്തില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല എന്നതാണ് സത്യം. പടം ഗംഭീരമാണെന്ന അഭിപ്രായങ്ങളെക്കാള്‍ മോശം പ്രതികരണങ്ങളാണ് കേരളത്തിലെ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ വൈറല്‍ കാഴ്ച. ഭാഷ ചതിച്ചാശാനേ എന്നാണ് സോഷ്യലിടത്തെ കമന്‍റുകള്‍ പറയുന്നത്.
വിജയാഘോഷത്തിന്‍റെ ഭാഗമായി പുറത്തുവിട്ട വിഡിയോയില്‍ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള പ്രേക്ഷക പ്രതികരണങ്ങളുള്ള വിഡിയോ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ കേട്ട് കേരളത്തിലെ പ്രേക്ഷക പ്രതികരണങ്ങളിലേക്ക് എത്തുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള മോശം പ്രതികരണങ്ങളാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. 'ചിത്രം തിയേറ്റര്‍ കത്തിക്കുമെന്നും അല്ലെങ്കില്‍ ആളുകള്‍ കത്തിക്കു'മെന്നും ഒരു പ്രേക്ഷന്‍ പറയുമ്പോള്‍ 'ക്രിഞ്ച് അഭിനയമാണ് രശ്മിക'യുടേത്, 'നടിയെ ഒരു കിണറ് വെട്ടി കുഴിച്ച് മൂടണം' എന്നൊക്കെയാണ് മറ്റുള്ളവരുടെ പ്രതികരണങ്ങള്‍. ഇത് ചിത്രത്തെ അഭിനന്ദിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വിഡിയോയിൽ ഉൾപ്പെടുത്തിയതെന്നാണ് സൈബറിടത്തെ കണ്ടെത്തല്‍.
ചിത്രത്തിന്റെ ക്ലൈമാക്സിലെ സംഘട്ടന രംഗത്തിൽ കയ്യും കാലും കെട്ടിയിട്ടും വില്ലന്മാരുമായി ഫൈറ്റ് ചെയ്യുന്ന അല്ലു അർജുനെ പരിഹസിക്കുന്ന, താരത്തെ അനുകരിച്ച് വസ്ത്രം ധരിച്ച് വന്ന ആരാധകന്റെ വാക്കുകളും വിഡിയോയില്‍ ഉൾപ്പെടുത്തിയത് വലിയ അബദ്ധമായി പോയെന്നും അല്ലു ആരാധകര്‍ തന്നെ പറയുന്നു. ഈ വിഡിയോ കണ്ട് കണ്ണുനിറഞ്ഞ് അഭിമാനത്തോടെ ഇരിക്കുന്ന അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും വിഡിയോയില്‍ കാണാം. ഉടൻ തന്നെ വിഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളും ഇതിനോടകം വന്നുകഴിഞ്ഞു.
800 കോടിയിലധികം രൂപ ബോക്സ് ഓഫിസില്‍ നിന്നും ചിത്രം വാരിയത്. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്.