Image Credit: https://www.facebook.com/DirectorPriyadarshan
മക്കള്‍ക്കും മരുമകള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പമുളള ചിത്രം പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പങ്കുവച്ച ചിത്രം സൈബറിടത്ത് ശ്രദ്ധനേടുകയാണ്. ചിത്രം വൈറലായതോടെ മുത്തച്ഛനായ വിവരം അറിഞ്ഞില്ലല്ലോ എന്നാണ് ആരാധകരുടെ കമന്‍റുകള്‍. ചിത്രത്തില്‍ പ്രിയദര്‍നൊപ്പമുളളത് മകൻ സിദ്ധാർഥും മരുകള്‍ മെലാനിയും കൊച്ചുമകളുമാണ്. ചെന്നൈയിൽ കുടുംബത്തോടൊപ്പമായിരുന്നു കല്യാണിയുടെ പിറന്നാൾ ആഘോഷം.
കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചെടുത്ത ചിത്രമാണ് പ്രിയദര്‍ശന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദർശൻ അടിക്കുറിപ്പായി കുറിച്ചത്. സിദ്ധാർഥിന്റെയും മെലാനിയുടെയും മകളാണ് ഫോട്ടോയിലെ കുഞ്ഞുതാരം. ഫോട്ടോ വൈറലായതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരെത്തുകയായിരുന്നു. കുടുംബഫോട്ടോയിലെ കുഞ്ഞതിഥിയെ കണ്ട സന്തോഷവും ആരാധകര്‍ പങ്കുവച്ചു.
അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെലാനിയെ 2023ലാണ് സിദ്ധാർത്ഥ് വിവാഹം കഴിച്ചത്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞ് തിരിച്ചെത്തിയ സിദ്ധാർത്ഥ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു.