ബോബി ചെമ്മണ്ണൂരുമായുള്ള നിയമയുദ്ധം ഒരുവശത്ത് നടക്കുമ്പോഴും തനിക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ക്ക് അറുതി വന്നിട്ടില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. ഒതുങ്ങിജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്, പക്ഷേ ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോള്‍ ഇതല്ലാതെ മറ്റ് മാര്‍ഗമുണ്ടായില്ല. എന്‍റെ അപ്പനും അമ്മയും കൂട്ടുകാരുമടക്കം എന്നെ ചേര്‍ത്തിപിടിക്കുന്ന ഒരുപറ്റം മനുഷ്യരുണ്ട്, അവര്‍ തന്ന കരുത്തുകൂടിയാണ് ഇന്ന് കാണുന്നതെന്നും ഹണി റോസ് പറഞ്ഞു. മനോരമന്യൂസ് നേരേ ചൊവ്വേയിലാണ് ഹണി മനസ്സുതുറന്നത്.
സൈബറിടത്ത് നടക്കുന്ന വൃത്തികേടുകള്‍ തടയാന്‍ ശക്തമായ നിയമമുണ്ടാകണം. നേരത്തെ തന്നെ പ്രതികരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളമെത്തില്ലായിരുന്നു, അതില്‍ മാറ്റമുണ്ടാകുമായിരുന്നു എന്ന് തോന്നി. ഒരാള്‍ കുറച്ച് പാവമാണ് എന്നു തോന്നിയാല്‍ തലയില്‍ കയറി ആളുകള്‍ നിരങ്ങും. അവിടെ കൊട്ടിയാല്‍ ശബ്ദം കേള്‍ക്കില്ല എന്ന തോന്നലുകൊണ്ടാണിത്. പക്ഷേ അങ്ങനെയല്ലല്ലോ. പരാതിയുമായി താന്‍ മുന്നോട്ടു വന്നപ്പോള്‍ ‘അമ്മ’യടക്കമുള്ള സംഘടനകളും രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും സാധാരണക്കാരും പിന്തുണ നല്‍കി. ഒരുപാട് ആളുകള്‍ സമാന അനുഭവമുണ്ടായി എന്നു പറഞ്ഞ് രംഗത്തെത്തിയെന്നും ഹണി.
സൈബറിടത്ത് ആളുകള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണം. ഒരാളെ തകര്‍ക്കാന്‍ പാകത്തിനുള്ള ആയുധമാണ് ഉപയോഗിക്കുന്ന വാക്കുകള്‍. നിലവില്‍ താന്‍ നേരിടുന്ന പ്രശ്നം സിനിമയില്‍ നിന്ന് വന്നതല്ല, സമൂഹത്തില്‍ നിന്നാണ്. അത് സ്വയം കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല എന്നു വന്നതോടെയാണ് പ്രതികരിച്ചത്. അത് ഞാനൊരു തമാശ പറഞ്ഞതല്ലേ എന്ന് ലഘുവായി പറഞ്ഞവസാനിപ്പിക്കാവുന്ന കാര്യമല്ല. തനിക്കെതിരായ അധിക്ഷേപം പൊതു ഇടത്തായിരുന്നു. ആ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ പിന്നീട് കൃത്യമായി തന്നെ കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
എല്ലാം മനസ്സില്‍ വച്ചിരുന്നപ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പ്രതികരിച്ചപ്പോള്‍ മനസ്സിന് സമാധാനം തോന്നുന്നുണ്ട്. ലൈംഗിക അധിക്ഷേപ പരാതിയാണ് നല്‍കിയത്. പക്ഷേ ചിലരത് വളച്ചൊടിച്ച് വസ്ത്രത്തിന്‍റെ പേരിലുള്ള ചര്‍ച്ചയാക്കി. എന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, പക്ഷേ ഉപയോഗിക്കുന്ന വാക്കുകള്‍ മാന്യമായിട്ടുള്ളതാകണം എന്നാണ് ഹണി റോസ് പറയുന്നത്. ഡ്രസ് കോഡ് വച്ച് ജീവിക്കാനാകില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശം നല്‍കുന്ന രാജ്യത്തും സംസ്ഥാനത്തുമാണ് ജീവിക്കുന്നത്. ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന ബോധ്യമുണ്ടാകണമെന്നും ഹണി നേരെ ചൊവ്വേയില്‍ വ്യക്തമാക്കി.