സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് കോട്ടയം ജില്ലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ പ്രതിദിനം നാല് ദമ്പതിമാരെങ്കിലും വിവാഹമോചിതരാകുന്നു എന്നാണ് കണക്കുകള്‍. പാലാ, ഏറ്റുമാനൂർ എന്നീ കുടുംബ കോടതികളിലെ 2024ലെ കണക്ക് പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍.
ജില്ലയിൽ 2181 വിവാഹമോചന കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1565 ദമ്പതിമാർ വേർപിരിഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയുടെയോ ഭർത്താവിന്റെയോ വിവാഹേതര ബന്ധം, ലഹരി ഉപയോഗം, വിവാഹത്തിന് മുമ്പ് പറഞ്ഞ പല കാര്യങ്ങളും നുണയാണെന്ന് തെളിയുക തുടങ്ങിയവയാണ് വിവാഹമോചനത്തിന് പ്രധാന കാരണമാകുന്നത്.
ചില പരാതികൾ കോടതി ഇടപെട്ട് തീർപ്പാക്കിയിട്ടുമുണ്ട്. അതിൽ പ്രധാനപ്പെട്ടത്, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ച തർക്കമാണ്. എട്ട് വർഷം മുമ്പുള്ള ഒരു കേസാണ് ഏറ്റുമാനൂരിൽ തീർപ്പാക്കിയ ഏറ്റവും പഴയ കേസ്. ഇവിടെ വെറും 20 ദിവസത്തിനുളളിലും പരാതികളിൽ പരിഹാരം കണ്ടിട്ടുണ്ട്. 18 ദിവസം കൊണ്ട് കേസ് തീർപ്പാക്കാൻ പാലാ കോടതിക്കും കഴിഞ്ഞിട്ടുണ്ട്.
കോടതിയെ സമീപിക്കുന്നവരില്‍ പത്തുശതമാനം മാത്രമേ വീണ്ടും യോജിക്കുന്നുള്ളൂവെന്നാണ് ഏറ്റുമാനൂര്‍ കുടുംബക്കോടതിയിലെ അഭിഭാഷകനായ മനു ടോം തോമസ് പറയുന്നത്. പരസ്പരം സമ്മതത്തോടെ വിവാഹമോചനത്തിന് സമീപിച്ചാല്‍ ആറു മാസത്തെ കാത്തിരിപ്പു സമയം ഒഴിവായി കിട്ടും. പക്ഷേ ഒരു വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞു ജീവിച്ചുവെന്നും ജീവനാംശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ പരിഹരിച്ചുവെന്നും ദമ്പതികള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.