20 വര്‍ഷമായി സിനിമാ മേഖലയില്‍ തുടരുന്ന വ്യക്തിയാണ് ഹണി റോസ്. പക്ഷേ താന്‍ ചെയ്ത സിനിമകളുടെ പേരിലല്ല അറിയപ്പെടുന്നതെന്ന ബോധ്യം ഉണ്ടെന്ന് വ്യക്തമാക്കി താരം. ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായിട്ടില്ല എന്നതാണ് കാരണമെന്ന് അറിയാമെന്നും സിനിമയോടുള്ള ആഗ്രഹം കാരണം ഇവിടെ കടിച്ചുതൂങ്ങി കിടക്കുന്നയാളാണ് താനെന്നും തുറന്നു പറയുകയാണ് ഹണി റോസ് മനോരമന്യൂസ് നേരെ ചൊവ്വേയില്‍. ഉദ്ഘാടനങ്ങളുടെ ഭാഗമാകാന്‍ വളരെയധികം ഇഷ്ടമാണെന്നും അതിനുള്ള കാരണമെന്താണെന്നും ഹണി റോസ് വ്യക്തമാക്കുന്നു.
‘സിനിമയില്‍ വന്ന കാലം മുതല്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകാറുണ്ട്. ആ വൈബ് ഇഷ്ടമാണ്. ഒരുപാട് ആസ്വദിക്കാറുണ്ട്. ഉദ്ഘാടനങ്ങള്‍ക്ക് പോയാല്‍ തിരിച്ചിറങ്ങാന്‍ പോലും മടിയാണ്. കൂടെയുള്ളവര്‍ വാ തിരിച്ചുപോകാം എന്ന് പറഞ്ഞാലും കുറച്ചു നേരം കൂടി ആളുകള്‍ക്കൊപ്പം ഫോട്ടോയൊക്കെ എടുത്ത് നില്‍ക്കും. ഞാന്‍ ചെയ്ത സിനിമകളിലൂടെയല്ല ആളുകളുമായി എനിക്കുള്ള അടുപ്പമുണ്ടായത്. ശ്രദ്ധേയമായ സിനികളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ എന്നില്‍ എനിക്ക് ഭയങ്കര ആത്മവിശ്വാസമാണ്. നല്ല സിനിമ വരും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
പലരും ഞാന്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതിനെ വിമര്‍ശിക്കാറുണ്ട്. പണം വാങ്ങിയിട്ടല്ലേ പോകുന്നത് എന്നൊക്കെ ചോദിക്കും. പക്ഷേ തിരിച്ചൊരു കാര്യം ചോദിക്കട്ടെ, ആര്‍ക്കാണ് പൈസ ആവശ്യമില്ലാത്തത്?. ഇത്തരം കമന്‍റുകളിടുന്നവരെ സോഷ്യല്‍ മീഡിയയില്‍ കാണാം എന്നല്ലാതെ പണത്തിന് ആവശ്യമില്ലാത്തവരായി ആരുമില്ല. എന്നെ സംബന്ധിച്ച് ഇതൊരു കാലയളവ് വരെ മാത്രം ലഭിക്കുന്ന അവസരമാണ്. ആ അവസരം ഉപയോഗിക്കണം. അതാണ് ബുദ്ധി. കിട്ടുന്ന പണം വേണ്ട എന്നു വയ്ക്കാനുള്ള അത്രയും അഹങ്കാരവും വിവരക്കേടും എനിക്കില്ല. മറ്റാരെയും ബുദ്ധിമുട്ടിക്കാത്ത, നമ്മളെ സന്തോഷിപ്പിക്കുന്ന എന്തും ആര്‍ക്കും ചെയ്യാമെന്നും ഹണി റോസ് പറഞ്ഞു.