മാര്‍പാപ്പയുടെ മരണവും പുതിയ പാപ്പായുടെ തിരഞ്ഞടുപ്പും വിഷയമാകുന്ന കോണ്‍ക്ലേവാണ് ഇത്തവണ ഓസ്കറില്‍ മികച്ച ചിത്രമാകാന്‍ മല്‍സരിക്കുന്നവയില്‍ മുന്‍നിരയില്‍. AI വിവാദവും, ബാഫ്റ്റ , സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്കാരവേദികളില്‍ തിളങ്ങിയതുമാണ്, ദി ബ്രൂട്ടലിസ്റ്റിനെ മറികടന്ന് കോണ്‍ക്ലേവിനെ മുന്‍നിരയിലേക്ക് എത്തിച്ചത്. തിങ്കളാഴ്ചയാണ് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം.
പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയവും കള്ളക്കളികളും പ്രമേയമാക്കി വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ നിന്നൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍. അവാര്‍ഡ് കാലത്തിന്റെ തുടക്കത്തില്‍ ദ് ബ്രൂട്ടലിസ്റ്റിനും അനോറയ്ക്കുമായിരുന്ന പിന്തുണയേറെയെങ്കില്‍ ബാഫ്റ്റയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദി കോണ്‍ക്ലേവിന് സ്വീകാര്യത ഏറിയത്.
കര്‍ദിനാള്‍ അവതരിപ്പിച്ച റാള്‍ഫ് ഫൈന്‍സ് നേടിയ മികച്ച നടനുള്ള നാമനിര്‍ദേശം ഉള്‍പ്പടെ എട്ട് വിഭാഗങ്ങളില്‍ ചിത്രം മല്‍സരിക്കുന്നു. നായകന്റെ ഹംഗേറിയന്‍ ഭാഷ മെച്ചപ്പെടുത്താന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചെന്ന ദി ബ്രൂട്ടലിസ്റ്റിന്റെ എഡിറ്ററുടെ വെളിപ്പെടുത്തലും ദി കോണ്‍ക്ലേവിന് അവസാന ലാപ്പില്‍ ഗുണം ചെയ്തു. ഓസ്കറിന് തൊട്ടുമുന്‍പ് നടക്കുന്ന സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡില്‍ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം നേടിയതും ദി കോണ്‍ക്ലേവ്. ഇതിനോടകം 70 പുരസ്കാരങ്ങള്‍ വിവിധ അവാര്‍ഡനിശകളില്‍ ചിത്രം നേടിക്കഴിഞ്ഞു. റോബര്‍ട്ട് ഹാരിസിന്റെ സസ്പന്‍സ് നോവലിനെ അടിസ്ഥാനമാക്കി എഡ്വേര്‍ഡ് ബെര്‍ഗറാണ് ചിത്രം സംവിധാനം ചെയ്തത്.