തൊണ്ണൂറുകളില്‍ ബാലതാരങ്ങളായി തിളങ്ങിയവര്‍ ഇക്കുറി ഓസ്കറിനായുള്ള മല്‍സരത്തില്‍ മുന്‍നിരയിലുണ്ട്. ഹോം എലോണ്‍ താരം കീറന്‍ കള്‍ക്കിന്‍ മുതല്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെ വരെ നീളുന്ന രണ്ടാം വരവില്‍ ഓസ്കര്‍ ജേതാക്കളാകാന്‍ കാത്തിരിക്കുന്നവരുടെ പട്ടികയില്‍.
ഹോം എലോണ്‍ സിനിമയില്‍ കെവിന്‍ മക്കാലിസ്റ്ററിന്റെ കുറുമ്പനായ കസിന്‍ ഫുള്ളര്‍ മക്കാലിസ്റ്ററെ ഓര്‍മയില്ല.... സിനിമയിലെ നായകനായ മക്കാളെ കള്‍ക്കിന്റെ സഹോദരന്‍ കീറന്‍ കള്‍ക്കിന്‍ എട്ടാം വയസിലാണ് അഭിനയം തുടങ്ങിയത്. വിദ്യാഭ്യാസകാലത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കീറന്‍ കള്‍ക്കിനെ ശ്രദ്ധയനാക്കിയത് എച്ച് ബി ഒ പരമ്പര സക്സഷനിലെ റോമന്‍ റോയ് എന്ന കഥാപാത്രമാണ്. റിയല്‍ പെയിന്‍ എന്ന സിനിമയിലെ പ്രകടനമാണ് മികച്ച സഹനടനുള്ള ഓസ്കര്‍ നാമനിര്‍ദേശം സമ്മാനിച്ചത്.
മികച്ച നടനുള്ള നാമനിര്‍ദേശം നേടിയ റ്റിമോത്തി ഷലാമെയും ബാലതാരമായി വളര്‍ന്ന് സൂപ്പര്‍താരമായ നടന്‍. ബോബ് ഡിലന്റെ ബയോപ്പിക്കിനാണ് റ്റിമോത്തിയെ തേടി രണ്ടാം നാമനിര്‍ദേശം എത്തിയത്. വിക്കഡിലെ പ്രകടനത്തിന് മികച്ച നടിയാകാന്‍ മല്‍സരിക്കുന്ന സിന്ഥിയ എര്‍വിയോയും സഹനടിയാകാന്‍ മല്‍സരിക്കുന്ന ഗായിക അരിയാന ഗ്രാന്‍ഡയും കുട്ടിക്കാലത്ത് അഭിനയിച്ചുതുടങ്ങിയവര്‍. ഇത്രമാത്രം ബാലതാരങ്ങള്‍ ഓരേവര്‍ഷം ഓസ്കര്‍ നാമനിര്‍ദേശം നേടിയെന്നതും കൗതുകം.