2കെ കിഡ്സിന്റെ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും അസാധാരണമാംവിധം വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ആധിയിലാണ് മാതാപിതാക്കളും സമൂഹവും. സിനിമയേയും ഗെയിമുകളേയും ലഹരിയേയുമെല്ലാം ഇതിനുപിന്നിലുള്ള സ്വാധീനഘടകങ്ങളായി പലരും ചൂണ്ടിക്കാണിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബാലതാരം ദേവനന്ദ. തന്തബൈവിലേക്ക് രക്ഷിതാക്കള്‍ മാറേണ്ട സമയമായി എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുമ്പ് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിന്‍റെ ഭാഗം പങ്കുവച്ചായിരുന്നു താരത്തിന്‍റെ കുറിപ്പ്,
'ഒരു വർഷം മുൻപ് ഈ ഇന്റർവ്യൂ കൊടുത്തപ്പോൾ ഒരുപാട് പേര് പറഞ്ഞു തന്ത വൈബ്ന്ന്, ഇപ്പോൾ കുറച്ചു ദിവസം ആയി കാണുന്ന / കേൾക്കുന്ന കുട്ടികളുടെ ന്യൂസ് കേൾക്കുമ്പോൾ മനസ്സിൽ ആകുന്നു, ഈ തന്ത വൈബിലേക്ക് രക്ഷിതാക്കൾ മാറേണ്ട സമയം ആയി എന്ന്,' ദേവന്ദയുടെ വാക്കുകള്‍.
അതേസമയം ദേവനന്ദയോടും ബാലതാരമായ അൽസാബിത്തിനോടും മാപ്പ് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പങ്കുവക്കപ്പെട്ട കുറിപ്പ് വൈറലായിരുന്നു. തന്ത വൈബ് എന്നും തള്ള വൈബ് എന്നും പറഞ്ഞു ഇരുവരെയും കളിയാക്കിയിട്ടുണ്ടെന്നും ശരിക്കും ഇവരെ ഇവരുടെ മാതാപിതാക്കൾ വളർത്തിയത് പോലെ വേണം എല്ലാ മാതാപിതാക്കളും അവരുടെ മക്കളെ വളർത്താനെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ കുറിപ്പും ദേവനന്ദ പങ്കുവച്ചിരുന്നു.