dulqar-salman

Image Credit: Facebook

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ കയ്യടി വാങ്ങിയ സംവിധായകന്‍ നഹാസ് ഹിദായത്തിന്‍റെ ചിത്രത്തിലൂടെയാണ് ദുല്‍ഖല്‍ തിരികെയെത്തുന്നത്. 'ഐ ആം ഗെയിം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒരു മാസ് എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടൈറ്റില്‍ നല്‍കുന്ന സൂചന.

ഒരു കൈയില്‍ ചീട്ടും മറുകൈയില്‍ ക്രിക്കറ്റ് ബോളുമൊക്കെ പിടിച്ചിരിക്കുന്ന ദുല്‍ഖറിന്‍റെ കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. വലതുകൈയില്‍ കാര്യമായി പരിക്കേറ്റിട്ടുമുണ്ട്. ആര്‍ഡിഎക്സ് പോലെ ആക്ഷന് പ്രാധാന്യമുളള ചിത്രമാണ് 'ഐ ആം ഗെയിം' എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. കിംങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമയായിരിക്കും 'ഐ ആം ഗെയിം'.

ജേക്സ് ബിജോയ് ആണ്  സംഗീതം നിര്‍വഹിക്കുന്നത്.  ജിംഷി ഖാലിദ് ഛായാഗ്രഹണവും സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്ന് തിരക്കഥയും ഒരുക്കുന്നു. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ്‌ സംഭാഷണം. എഡിറ്റിങ് നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോയാണ്.