തന്നെ ഇനി മുതല്‍ പേര് മാത്രം വിളിച്ചാല്‍ മതിയെന്ന് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി ഒഴിവാക്കണമെന്നും നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും താരം പറഞ്ഞു. സ്ഥാനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എന്നാല്‍ ചില സമയത്ത് അത് പ്രേക്ഷകനില്‍ നിന്നും വേര്‍തിരിവുണ്ടാക്കുന്നതാണെന്നും പുറത്തുവിട്ട പ്രസ്താവനയില്‍ നയന്‍താര പറഞ്ഞു.
'നിങ്ങളെല്ലാം സ്നേഹത്തോടെ എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു. എനിക്ക് ഇത്രയും വലിയ ഒരു കിരീടം നല്‍കിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍ എന്നെ നയന്‍താര എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് എളിമയോടെ അപേക്ഷിക്കുന്നു. കാരണം ഈ പേരാണ് എന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. ഞാന്‍ ആരാണ് എന്നത് ആ പേര് പ്രതിനിധീകരിക്കുന്നുണ്ട്, നടി എന്ന നിലയ്ക്ക് മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്ക്കും,' നയന്‍താര പറയുന്നു.
'സ്ഥാനങ്ങളും അഭിനന്ദനങ്ങളും വിലമതിക്കാനാവാത്തതാണ്. എന്നാല്‍ ഇതിനൊപ്പം ചിലപ്പോള്‍ നമ്മെ ജോലിയില്‍ നിന്നും പ്രേക്ഷകരുമായി പങ്കുവക്കുന്ന ബന്ധത്തില്‍ നിന്നും വേര്‍തിരിക്കാനുമാവും. എല്ലാ പരിമിതികള്‍ക്കുമപ്പുറം നമ്മെ ബന്ധപ്പെടുത്തി നിര്‍ത്തുന്ന സ്നേഹത്തിന്‍റെ ഭാഷയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയാണ് നമ്മെ ഒന്നാക്കി നിര്‍ത്തുന്നത്, ഒന്നിച്ച് അതിനെ ആഘോഷിക്കാന്‍ അനുവദിക്കുന്നതും,' നയന്‍താര കൂട്ടിച്ചേര്‍ത്തു.