Image Credit: Instagram
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെ ഹിറ്റ് ചിത്രം മൂക്കുത്തി അമ്മന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന മൂക്കുത്തി അമ്മന്‍ 2ലും നയന്‍താരയാണ് പ്രധാന കഥാപാത്രമായെത്തുന്നത്. സുന്ദർ സി. ആണ് മൂക്കുത്തി അമ്മന്‍ 2 സംവിധാനം ചെയ്യുന്നത്. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ നിര്‍മാതാവ് ഇഷാരി കെ ഗണേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
മൂക്കുത്തി അമ്മന്‍റെ രണ്ടാം ഭാഗത്തിനായി ഒരു മാസത്തെ വ്രതമെടുക്കുകയാണ് നയന്‍താര. നയന്‍താര മാത്രമല്ല മക്കള്‍ അടക്കം കുടുംബം മുഴുവന്‍ ഒരു മാസത്തെ വ്രതത്തിലാണെന്നായിരുന്നു നിര്‍മാതാവ് ഇഷാരി കെ ഗണേഷ് പറഞ്ഞത്. നിര്‍മാതാവിന്‍റെ വാക്കുകള്‍ ഇങ്ങനെ..ഈ സിനിമയുടെ പൂജ വലിയ രീതിയിൽ തന്നെ ചെയ്തു. സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാൻ ഇന്ത്യൻ റീലീസായാകും എത്തുക. ഈ അവസരത്തില്‍ നയന്‍താര മാഡത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. ദേവിയായി അഭിനയിക്കാന്‍ ഒരു മാസത്തെ വ്രതമെടുത്തിരിക്കുകയാണ് നയന്‍താര. മൂക്കുത്തി അമ്മന്‍റെ ആദ്യ ഭാഗത്തിനായും നയന്‍താര വ്രതമെടുത്തിരുന്നു. ഇപ്പോഴും വ്രതമെടുക്കുകയാണ്. നയന്‍താര മാത്രമല്ല നയന്‍താരയുടെ കുട്ടികളടക്കം എല്ലാവരും വ്രതത്തിലാണ് എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
ഭക്തിയെ മാത്രം പ്രമേയമാക്കി ഇറങ്ങിയ ചിത്രമല്ല മൂക്കുത്തി അമ്മന്‍ 1. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കോമഡി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം 2020ലാണ് പുറത്തിറങ്ങിയത്. ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. മൂക്കുത്തി അമ്മന് തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് മൂക്കുത്തി അമ്മന്‍ 2 തിയറ്ററുകളില്‍ എത്തുക.