Image Credit: Facebook.com/kalpana.raghavendar.5/

അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക കല്‍പ്പന രാഘവേന്ദറുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സംഭവിച്ചത്  ആത്മഹത്യാ ശ്രമല്ലെന്നും 18 ഉറക്കഗുളികകള്‍ കഴിച്ചതുമൂലം ബോധ്യം നഷ്ടമായതാണെന്നും കല്‍പ്പന  പൊലീസിന് മൊഴി നല്‍കി. ഉറക്കമില്ലായ്മയും മകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുള്ള സമ്മർദ്ദവും അമിത അളവില്‍ ഉറക്ക ഗുളിക കഴിക്കാന്‍ കാരണമായെന്നും ഗായിക വ്യക്തമാക്കി. 

മകള്‍ ദയ പ്രസാദുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇതു സമ്മര്‍ദ്ദം ഉയര്‍ത്തി. പഠനത്തിനായി ഹൈദരാബാദിലേക്ക് മാറണമെന്ന കല്പനയുടെ നിര്‍ദ്ദേശം മകള്‍ അവഗണിച്ചതാണ് ഇരുവരും തമ്മില്‍ തര്‍ക്കത്തിന് കാരണമായത്. സംഭവത്തിന് തലേദിവസം മാര്‍ച്ച് നാലിനാണ് എറണാകുളത്ത് നിന്നും കല്‍പ്പന ഹൈദരാബാദിലേക്ക് എത്തിയത്. ഉറക്കമില്ലായ്മ കാരണം എട്ട് ഉറക്കഗുളിക കഴിച്ചു. എന്നിട്ടും ഉറക്കം വരാഞ്ഞതോടെയാണ് പത്തിലധികം ഗുളികകള്‍ കഴിച്ചത്. ഇതോടെ ബോധമില്ലാത്ത അവസ്ഥയിലായി ഇതാണ് കല്‍പ്പന പൊലീസിന് നല്‍കിയ മൊഴി. 

ഇന്നലെയാണ് കല്‍പ്പനയെ ഹൈദരാബാദിലെ നിസാംപേട്ടിലെ വീട്ടില്‍ അബോധ്യാവസ്ഥയില്‍ കാണുന്നത്. ഭര്‍ത്താവ് കല്‍പ്പനയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കല്പനയെ കണ്ടെത്തിയത്. ഉടനെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  കഴിഞ്ഞ അഞ്ച് വർഷമായി കൽപനയും ഭർത്താവും നിസാംപേട്ടിലാണ് താമസിക്കുന്നതെന്ന് കെപിഎച്ച്ബി പോലീസ് പറഞ്ഞു.

ഇന്നലെ തന്നെ ആത്മഹത്യ വാര്‍ത്തകള്‍ തള്ളി മകള്‍ ദയ പ്രസാദ് രംഗത്തെത്തിയിരുന്നു. ഇതൊരു ആത്മഹത്യ ശ്രമമല്ലെന്നും മരുന്ന് അമിതമായി കഴിച്ചതുമൂലമുണ്ടായ പ്രശ്നമാണെന്നും മകള്‍ വ്യക്തമാക്കിയിരുന്നു. കുടുംബം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അമ്മ ഉടന്‍ തിരികെ എത്തുമെന്നും മകള്‍ പറഞ്ഞിരുന്നു.

2010 ല്‍ മലയാളത്തിലെ പ്രമുഖ സംഗീത റിയാലിറ്റി ഷോ വിജയിയായിരുന്നു. ഇതിന് പിന്നാലെ ഇളയരാജയ്ക്കും എ.ആര്‍.റഹ്മാനുമെന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം കല്‍പ്പനയ്ക്ക് അവസരം ലഭിച്ചു. സംഗീത കുടുംബത്തില്‍ ജനിച്ചത് കൊണ്ടുതന്നെ അഞ്ചാം വയസ് മുതല്‍ സംഗീതരംഗത്ത് സജീവമാണ് കല്‍പ്പന. വിവിധ ഭാഷകളിലായി 1500ലേറെ പാട്ടുകള്‍ അവര്‍ പാടി. കമല്‍ഹാസനൊപ്പം പുന്നഗൈ മന്നനില്‍ അതിഥി വേഷത്തിലുമെത്തി.

ENGLISH SUMMARY:

Singer Kalpana Raghavendra, found unconscious at her Hyderabad home, clarified to the police that she consumed 18 sleeping pills due to stress and insomnia, not as a suicide attempt.