മലയാളികള്‍ പലരും അംഗീകരിക്കാത്ത തെലുങ്ക് സൂപ്പര്‍സ്റ്റാറാണ് നന്ദമൂരി ബാലകൃഷ്ണ. എന്നാല്‍ ഇപ്പോള്‍ ബാലയ്യക്ക് സൈബറിടത്ത് മലയാളി ആരാധകര്‍ ഏറി വരികയാണ്. അടുത്തിടെ പുറത്തിറങ്ങിയ ബാലയ്യയുടെ ‘ഡാകു മഹാരാജ്’ എന്ന ചിത്രം മലയാളത്തിൽ ഉൾപ്പെടെ ഡബ്ബ് ചെയ്ത് ഒ.ടി.ടിയിലെത്തിയതോടെയാണ് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്. ഫെയ്‌സ്ബുക്ക്, എക്സ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഒട്ടേറെ പേര്‍ പങ്കുവയ്ക്കുന്നത്.
ബോബി കൊല്ലിയുടെ സംവിധാനത്തിൽ നന്ദമൂരി ബാലകൃഷ്ണ നായകനായ ചിത്രമാണ് ഡാകു മഹാരാജ്. നന്ദമൂരി ബാലകൃഷ്ണയുടെ 109-ാം ചിത്രമാണിത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം ജനുവരി 12 നാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ ‘ബാലയ്യ ഫാന്‍സ് കേരളം’ എന്ന പേരില്‍ ഫെയ്സ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. പുഷ്പ 2-നേക്കാള്‍ മികച്ച ചിത്രമാണ് ‘ഡാക്കു മഹാരാജ്’ എന്നാണ് ചിലര്‍ പറയുന്നത്. ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തുന്നവരുമുണ്ട്. 'ഒറ്റ പടം കൊണ്ട് ബാലയ്യ ഫാന്‍ ആക്കി കളഞ്ഞു. ഇങ്ങേര്‍ക്ക് എന്നാ സ്‌ക്രീന്‍ പ്രസന്‍സും ഓറയുമാണ്. ഇനി കേരളത്തില്‍ ഇങ്ങേരുടെ പടവും റിലീസ് വേണം' എന്നൊക്കെയാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ താരത്തിന്‍റെ ഇതേ ചിത്രത്തിലെ ഗാനത്തിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഗാനത്തിലെ ബാലയ്യയുടെ നൃത്തച്ചുവടുകളും കൊറിയോഗ്രാഫിയുമാണ് പ്രധാനമായും വിമർശിക്കപ്പെടുന്നത്. പാട്ടിന് ചേരാത്ത കോറിയോഗ്രാഫിയും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുളള സ്റ്റെപ്പുകളാണ് ഗാനത്തിൽ എന്നാണ് പ്രധാന വിമർശനം. പാട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ നൃത്തരംഗങ്ങള്‍ ട്രോളുകളില്‍ നിറഞ്ഞു.