അടുത്ത കാലത്തായി യുവാക്കളുടേയും കൗമാരക്കാരുടെയും ഇടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ വലിയ ആശങ്കയാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. ഇതിനു പിന്നിലുള്ള കാരണങ്ങള്‍ തേടുമ്പോള്‍ അടുത്തിടെ വന്ന വയലന്‍സ് ചിത്രങ്ങളെയാണ് മിക്കവരും പ്രതികൂട്ടില്‍ നിര്‍ത്തുന്നത്. സിനിമ ഒരു ജനപ്രിയ മാധ്യമമാണ്. കാഴ്ചക്കാരെ സ്വാധീനിക്കാനുള്ള വലിയ കഴിവ് സിനിമക്കുണ്ട്. എന്നാല്‍ സിനിമയിലെ വയലന്‍സ് മാത്രമാണോ കാഴ്ചക്കാരെ സ്വാധീനിക്കുന്നത്. മാര്‍ക്കോയിലെ വയലന്‍സിനും മുമ്പേ കേരളത്തിനകത്തും പുറത്തും പല ട്രെന്‍ഡുകളേയും മാറ്റിമറിച്ച സിനിമകളുണ്ടായിട്ടുണ്ട്.
ഒരുപാട് പിറകിലേക്ക് പോകണ്ട. മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് 2024ല്‍ കൊടൈക്കനാലിലെ ഗുണക്കേവ് കാണാന്‍ വണ്ടികേറിയവര്‍ ഒട്ടേറെപേരുണ്ട്.2015ല്‍ കേരളത്തില്‍ മീശപ്പുലിമല ഉണ്ടാക്കിയ ഓളം ഓര്‍മയില്ലേ? ചാര്‍ലി എന്ന ചിത്രത്തിലെ ദുല്‍ഖറിന്‍റെ ഒറ്റഡയലോഗില്‍ ഹിറ്റായ മീശപ്പുലിമല. ചാര്‍ലിയില്‍ ഒരു രംഗത്തില്‍ പോലും വന്നില്ലെങ്കിലും ഈ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടായി. കേരളത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ന് മീശപ്പുലിമലയുമുണ്ട് .
ബാംഗ്ലൂര്‍ ഡേയ്സിന് പിന്നാലെ ബെംഗളൂരുവിലേക്ക് മലയാളി യുവത്വത്തിന്‍റെ വലിയ കുടിയേറ്റമുണ്ടായിട്ടുണ്ട്. ചിത്രത്തിലെ നായികക്കും നായകന്മാര്‍ക്കും അവര്‍ തമ്മിലുള്ള ബന്ധത്തിനും ബെംഗളൂരുവില്‍ വച്ചുണ്ടായ സ്വാതന്ത്രവും ഊഷ്മളതയും സ്വന്തം നാട്ടിലെ നിയന്ത്രണങ്ങള്‍ പൊട്ടിച്ചോടാന്‍ നമ്മുടെ യുവതയെ പ്രേരിപ്പിച്ചിട്ടുണ്ട്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച ട്രാഫിക്ക് അവയവദാനത്തെ പറ്റിയുള്ള വലിയ അവബോധം കേരളത്തില്‍ ഉണ്ടാക്കി. ചിത്രം അവയവദാനത്തോട് മുഖതിരിച്ചു നിന്നവരില്‍ വീണ്ടുവിചാരമുണ്ടാക്കിയെന്നതും ഉറപ്പാണ്
മഹേഷിന്‍റെ പ്രതികാരം കണ്ട് ഇടുക്കിയെ പ്രണയിക്കാന്‍ തുടങ്ങിയവരും നിരവധി. ഫഹദ് ഉപയോഗിച്ച കറുത്ത കുടയും ഈ സമയത്ത് ട്രെന്‍ഡിങ്ങായിരുന്നു. കുമ്പളങ്ങി നൈറ്റ്സ് കണ്ട് കുമ്പളങ്ങിയിലെ കവര് കാണാന്‍ വലിയ തിരക്ക് തന്നെയുണ്ടായി. റോയല്‍ എന്‍ഫീല്‍ഡില്‍ കയറി നാട് ചുറ്റാന്‍ ഒരു പറ്റം യുവാക്കളെ പ്രേരിപ്പിച്ചത് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രമാണ്. പ്രേമത്തിലെ നിവിന്‍ പോളിയുടെ ബ്ലാക്ക് ഷര്‍ട്ടും മുണ്ടും കാലങ്ങളോളും കാമ്പസിലെ ഓണങ്ങളെ ഭരിച്ചു, മലരിന്‍റെ മുഖക്കുരുവും മിനിമല്‍ മേക്കപ്പും സ്വാധീനിച്ച പെണ്‍കുട്ടികളും ഏറെ. തട്ടത്തിന്‍ മറയത്ത് ഉണ്ടാക്കിയ തട്ടം ട്രെന്‍ഡും മറക്കാനാവുമോ? കോഴിക്കോടിന്‍റെ മുക്കിലും മൂലയിലുമുള്ള രുചിവൈവിധ്യങ്ങളെ ഉസ്താദ് ഹോട്ടല്‍ ജനപ്രിയമാക്കി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട് അടുക്കളയില്‍ കയറിയ ആണുങ്ങള്‍ ഏറെ.
സിനിമ നമ്മേ സ്വാധീനിക്കുമോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും സ്വാധീനിക്കും. എന്നാല്‍ എങ്ങിനെ സ്വാധീനിക്കപ്പെടണമെന്നതില്‍ വിവേചന ബോധം കാണുന്ന പ്രേക്ഷകര്‍ക്കുണ്ടാവണം. അതുപോലെ സിനിമയുടെ ഈ സ്വധീനശക്തിയെ പറ്റി സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ബോധ്യവുമുണ്ടാവണം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണുന്ന സിനിമകള്‍ നിര്‍മിക്കുമ്പോള്‍ അത്രയേറെ ശ്രദ്ധ വേണം. ചാര്‍ലിയും കുമ്പളങ്ങിയും ഉസ്താദ് ഹോട്ടലും ട്രാഫിക്കും പോലെയുള്ള നല്ല സ്വാധീനങ്ങളെ അഭിനന്ദിക്കുമ്പോള്‍ സിനിമ ഉണ്ടാക്കുന്ന മോശം പ്രവണതകള്‍ക്കെതിരെ വിമര്‍ശനങ്ങളുമുണ്ടാവും. അങ്ങനെയുള്ള ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കാം.