Image: facebook.com/UditNarayanOfficial
ലൈവ് സംഗീത പരിപാടിക്കിടെ ആരാധികമാരെ ചുംബിച്ച സംഭവം വീണ്ടും ഉയര്‍ത്തി ഗായകന്‍ ഉദിത് നാരായണ്‍. 'പിന്‍റു കി പാപ്പി' എന്ന സിനിമയുടെ പ്രമോഷനിടെ തമാശ രൂപേണെയാണ് ഉദിത് പരാമര്‍ശം നടത്തിയതെങ്കിലും സമൂഹമാധ്യമങ്ങളില്‍ അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. 'ചുംബനം നല്ലതാണ്. സിനിമയുടെ പേരും അടിപൊളിയാണ്. പിന്‍റു കി പാപ്പി എന്നല്ലേ പേര്, ഉദിത്തിന്‍റെ ചുംബനമെന്നല്ലല്ലോ' എന്നായിരുന്നു ഉദിത് തമാശയാക്കി പറഞ്ഞത്.
ആരാധികമാരെ താന്‍ ചുംബിച്ചതായി അടുത്തയിടെ പ്രചരിച്ച വിഡിയോ ഇപ്പോഴത്തേതല്ലെന്നും ഓസ്ട്രേലിയയില്‍ വച്ച് രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഗീത പരിപാടിയുടേതാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്ത് കാര്യത്തിനാണ് പഴയ വിഡിയോ ഇപ്പോള്‍ കുത്തിപ്പൊക്കി ബഹളമുണ്ടാക്കിയതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദമുയര്‍ന്നപ്പോള്‍ ആരാധകര്‍ അങ്ങനെ പല തരത്തിലും സ്നേഹം പ്രകടിപ്പിക്കുമെന്നും ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു ഉദിത്തിന്‍റെ പ്രതികരണം. താന്‍ മാന്യനായ മനുഷ്യനാണെന്നും ചിലര്‍ പാട്ടിഷ്ടപ്പെട്ടാല്‍ ഹസ്തദാനം ചെയ്യും ചിലര്‍ കയ്യില്‍ മുത്തം തരും ചിലര്‍ കവിളില്‍ മുത്തം തരും എന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്നത്തെ പ്രതികരണം.
ആരാധികയുടെ ചുണ്ടുകളില്‍ ഉദിത് ചുംബിച്ചതിന്‍റെ ദൃശ്യങ്ങളാണ് വിവാദമായത്. ആരാധകര്‍ തന്നെയും താന്‍ ആരാധകരെയും സ്നേഹിക്കുന്നുവെന്നും ഉദിത് പിന്നീട് പ്രതികരിച്ചിരുന്നു. ആരാധകര്‍ക്ക് പുറമെ ഇന്ത്യന്‍ ഐഡല്‍ വേദിയില്‍ വച്ച് ഗായിക അല്‍ക്ക യാഗ്നികിനെ ഉദിത് ചുംബിച്ചതും വിവാദമായിരുന്നു. ഉദിത് ചുംബിച്ചതില്‍ ഞെട്ടിത്തരിച്ചും അസ്വസ്ഥയായു അല്‍ക്ക നില്‍ക്കുന്നതും വിഡിയോയില്‍ പ്രകടമായിരുന്നു. ഗായിക ശ്രേയ ഘോഷലിനെയും ഉദിത് സമാനമായി ചുംബിച്ചതും വിവാദമായിരുന്നു.