നടി സൗന്ദര്യയുടെ മരണത്തില്‍ 21 വര്‍ഷങ്ങള്‍ക്കുശേഷം പൊലീസില്‍ പരാതി. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് നടിയെ മനപ്പൂര്‍വം അപകടത്തില്‍പെടുത്തിയെന്നാണ് ആന്ധ്രാപ്രദേശിലെ ഖമാം ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ചിറ്റിമല്ലു എന്നയാൾ നൽകിയ പരാതിയിൽ പറയുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തെലുങ്ക് നടന്‍ മോഹന്‍ ബാബുവാണെന്നും പരാതിയില്‍ പറയുന്നു.
ആന്ധ്രയിലെ ജൽപല്ലി ജില്ലയിലെ ആറ് ഏക്കറോളം വരുന്ന സ്ഥലം വിൽക്കാൻ സൗന്ദര്യയും സഹോദരനും തയാറായിരുന്നില്ല. എന്നാല്‍ സൗന്ദര്യയുടെ മരണത്തിന് ശേഷം അയാള്‍ ആ സ്ഥലം കൈക്കലാക്കി. അതിനാൽ സൗന്ദര്യയുടെ മരണത്തിൽ മോഹൻബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
ഭൂമി എങ്ങനെ മോഹൻബാബു തട്ടിയെടുത്തെന്നും അന്വേഷിക്കണമെന്നും ആ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മോഹൻ ബാബുവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.
എന്നാല്‍ സൗന്ദര്യയുടെ ഭര്‍ത്താവ് ജി.എസ്. രഘു ആരോപണങ്ങൾ വ്യാജമാണെന്ന് കാട്ടി രംഗത്തെത്തി.
‘‘എന്റെ അറിവിൽ മോഹന്‍ബാബുവുമായി ഭൂമി ഇടപാടുകൾ നടന്നിട്ടില്ല. എന്റെ ഭാര്യയായിരുന്ന സൗന്ദര്യയുടെ കൈയിൽനിന്ന് മോഹൻബാബു അനധികൃതമായി വസ്തു കൈവശപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 25 വർഷത്തിലധികമായി മോഹൻ ബാബു സാറിനെ എനിക്ക് അറിയാം. ശക്തമായ സൗഹൃദവും ഉണ്ട്.ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും പരസ്പര ബഹുമാനവും വിശ്വാസ്യതയുമുണ്ട്. അദ്ദേഹത്തെ ഇക്കാര്യത്തിൽ ഞാൻ വിശ്വസിക്കുന്നു. അദ്ദേഹവുമായി യാതൊരുവിധ വസ്തു ഇടപാടുകളും ഞങ്ങൾക്ക് ഇല്ല. പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്’’ – രഘു പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
2004 ഏപ്രിൽ 17ന് 32ാം വയസിലാണ് തെന്നിന്ത്യന്‍ താരറാണിയായിരുന്ന സൗന്ദര്യ മരണപ്പെടുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ച ചെറുവിമാനം തകർന്നായിരുന്നു അന്ത്യം.
സൗന്ദര്യയുടെ സഹോദരൻ അമർനാഥ്, പൈലറ്റ് മാവേലിക്കര സ്വദേശി ജോയ് ഫിലിപ്പ്, ബിജെപിയുടെ പ്രാദേശിക നേതാവ് രമേഷ് ഖാദം എന്നിവരും ജെക്കൂർ എയർഫീൽഡിനടുത്തുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.