vilasini-clt-death

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികില്‍സാപ്പിഴവെന്ന് ആരോപണം. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ പേരാമ്പ്ര സ്വദേശി വിലാസിനി(57) ആണ് മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടല്‍ മുറിഞ്ഞുപോയി. വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുടുംബത്തിന്‍റെ പരാതിയില്‍ ഗൈനക്കോളജി വിഭാഗം മേധാവിയോട് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് തേടി. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയയ്ക്കായി വിലാസിനിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടന്നു. കുടലിന് ചെറിയ പോറലേറ്റെന്നും അതിനുള്ള ചികിൽസ നൽകിയിട്ടുണ്ടെന്നും സാധാരണ ഭക്ഷണം കൊടുക്കാമെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞതായി ബന്ധുകൾ പറയുന്നു. തുടർന്ന് വാർഡിലേക്ക് മാറ്റിയ വിലാസിനിക്ക് വേദന കൂടി. ബോധരഹിതയായപ്പോഴേക്കും വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച  ശസ്ത്രക്രിയ നടത്തിയെങ്കിലും ആന്തരികാവയങ്ങളിലടക്കം അണുബാധയേറ്റിരുന്നു.

ശസ്ത്ര ക്രിയയെ തുടർന്നുള്ള അണുബാധയും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. അതേസമയം, ആശുപത്രിയുടെ വിശദീകരണത്തില്‍ കുടുംബം തൃപ്തരല്ല. 

2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ ഹര്‍ഷിനയെന്ന യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് താന്‍ വിധേയയാകേണ്ടി വന്നുവെന്ന് കാണിച്ച് ഹര്‍ഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പരാതി നല്‍കി. 

ENGLISH SUMMARY:

A 57-year-old woman from Perambra died at Kozhikode Medical College after her intestine was accidentally cut during a hysterectomy. The hospital has initiated an internal inquiry.