chippy-pongala

നടി ചിപ്പി പൊങ്കാലയിടാൻ എത്തുമോയെന്നു ചോദിക്കാത്തവരുണ്ടാവില്ല. വർഷങ്ങളായി പൊങ്കാലയ്ക്കിടെയിലെ കൗതുകമാണ് ചിപ്പി പൊങ്കാലയിടുന്ന ദൃശ്യം. എന്തായാലും പതിവു തെറ്റിക്കാതെ ചിപ്പി ഇത്തവണയും പൊങ്കാലയിടാൻ എത്തി. ഇരുപത് വർഷത്തിലധികമായി മുടങ്ങാതെ പൊങ്കാലയിടാൻ എത്തുന്നുണ്ടെന്ന് ചിപ്പി പറഞ്ഞു. അത്രമാത്രം വിശ്വാസമാണ് ആറ്റുകാൽ അമ്മയോട് താരത്തിന് 

‘ഞങ്ങളുടെ പുതിയ സിനിമ തുടരും റിലീസിന് ഒരുങ്ങുകയാണ്, അതിന് വേണ്ടിയുള്ള പ്രാത്ഥനയോടെയാണ് ഈ തവണ പൊങ്കാലയിടുന്നത്’ചിപ്പി പറഞ്ഞു. ആറ്റുകാൽ പൊങ്കാലയെന്നാൽ അത് ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. തിരുവനന്തപുരത്തിന്റെ ആകെ ഉത്സവമാണെന്നും ചിപ്പി പറഞ്ഞിരുന്നു. 

അതേ സമയം രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 10.15ന് അടുപ്പുവെട്ട്. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിയാലുടൻ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകരും. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകും.

പണ്ടാര അടുപ്പിൽനിന്നു പകരുന്ന ദീപമാണ് ഭക്തരുടെ ലക്ഷക്കണക്കിന് അടുപ്പുകളെ ജ്വലിപ്പിക്കുക. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

ENGLISH SUMMARY:

Actress Chippy continued her long-standing tradition of attending the Attukal pongala, marking over 20 years of participation. She expressed her deep faith in Attukal Amma and dedicated this year’s offering to the success of her upcoming film Thudaram. Chippy also emphasized that the festival is not just a temple event but a grand celebration for all of Thiruvananthapuram.