മുദ്രാവാക്യം വിളികളില്ലാതെ പ്രാർഥനാമുഖരിതമായിരുന്നു സെക്രട്ടേറിയേറ്റും പരിസരവും. സർക്കാരിന്‍റെ കനിവുകാത്ത് മുപ്പത്തിരണ്ടുദിവസമായി സമരം നടത്തുന്ന ആശാപ്രവർത്തകരും പൊങ്കാലയിട്ട് ആറ്റുകാൽ അമ്മയോട് സങ്കടം പങ്കുവെച്ചു.
കാഴ്ചയും കേൾവിയും നഷ്ടപ്പെട്ട സർക്കാരിനും ആരോഗ്യമന്ത്രിക്കും വേണ്ടിയാണ് പൊങ്കാല അർപ്പിച്ചതെന്ന് ആശാപ്രവർത്തകർ പറഞ്ഞു.
മുപ്പത്തിരണ്ടു ദിവസമായി സെക്രട്ടേറിയറ്റ് നടയിൽ ആശാ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് പൂർണമായും ഭക്തിസാന്ദ്രമായിരുന്നു. മുദ്രാവാക്യം വിളികളില്ല.സർക്കാരിന്‍റെകണ്ണ് തുറക്കാനുള്ള പ്രാർഥന മാത്രം. ആറ്റുകാലമ്മയ്ക്ക് മുന്നിൽ എല്ലാം സമർപ്പിച്ച് സങ്കടപൊങ്കാല.
സമരക്കാരുടെ ജാതകം സർക്കാർ എന്തിനാണ് പരിശോധിക്കുന്നത് എന്ന് കെ കെ രമ എംഎൽഎ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആശാ പ്രവർത്തകരെ കണ്ടു. ആരോഗ്യമന്ത്രിയുടെ കണ്ണ് തുറന്നാൽ മാത്രം പോരാ. ഒരു സംവിധാനത്തെ മുഴുവൻ മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സുരേഷ് ഗോപി. തൈക്കാട് വസതിക്ക് മുന്നിൽ ഭക്തർക്ക് ദാഹജലം നൽകി ആരോഗ്യമന്ത്രി വീണാ ജോർജും പൊങ്കാലയുടെ ഭാഗമായി .ആശാ പ്രവർത്തകരോടൊപ്പം ആണെന്ന് ആരോഗ്യമന്ത്രി.