ഗേളിയുടെ കണ്ണടയിലെ കൗതുകം ' നോക്കത്താ ദുരത്ത് കണ്ണും നട്ട്' നാല്‍പത് പിന്നിടുമ്പോഴും അവസാനിക്കുന്നില്ല. കണ്ണടവച്ചാല്‍ എതിരെ വരുന്നവരെ നഗ്നരായി കാണാമെന്ന നായികയുടെ വാക്കില്‍ ചൂളുകയും ഒളിക്കാന്‍ ഇടം തേടുകയും ചെയ്യുന്ന മോഹന്‍ലാലിന്‍റെ ദൃശ്യങ്ങള്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കും .
ഇപ്പോള്‍ ആ രംഗത്തിന്‍റെ ചിത്രീകരണത്തെ കുറിച്ച് നായിക നദിയ മൊയ്തുവിന്‍റെ പ്രതികരണമാണ് വൈറല്‍. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ തുടക്കക്കാരിയായിരുന്നു. അതുകൊണ്ട് ആ സീനിന്‍റെ ഇംപാക്ട് മനസിലായിരുന്നില്ലെന്ന് നദിയ മൊയ്തു രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നദിയയുടെ വാക്കുകളിങ്ങനെ 'എന്നോട് സീന്‍ ഫാസില്‍ സാര്‍ സീന്‍ വിവരിച്ചു. ഞാന്‍ സീന്‍ ചെയ്തു. അപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്നാല്‍ ആ സീനിന്‍റ ഇംപാക്ട് മനസിലായത് സിനിമ ഇറങ്ങിയ ശേഷമാണ്. സീന്‍ എഴുതിയിരിക്കുന്നതിന്‍റെ ഭംഗി പ്രത്യേകം എടുത്തുപറയണം. ലാലേട്ടന്‍റെ പ്രതികരണമാണ് ആ സീനിനെ അത്രയും പോപ്പുലര്‍ ആക്കിയത്. ഞാന്‍ സാധാരണ മട്ടില്‍ കണ്ണടയും വച്ച് കുറച്ച് ജാഡയില്‍ ഇരിക്കുകയായിരുന്നു. അതുകൊണ്ട് കുറച്ച് നാച്ചുറലായി തോന്നി. ലാലേട്ടന്‍റെ അപ്പോഴത്തെ ബാഡി ലാംഗ്വേജിനെപ്പറ്റി പറയാതിരിക്കാനാവില്ല'
ഫാസില്‍ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നോക്കെത്താദൂരത്ത് കണ്ണുംനട്ട്. മോഹന്‍ലാല്‍ നദിയ മൊയ്തു, പദ്മിനി, മണിയന്‍പിള്ള രാജു, നെടുമുടി വേണു, കെ പി ഉമ്മര്‍, സുകുമാരി, തിലകന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തില്‍. കേരള സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും ചിത്രത്തിന് ലഭിക്കുകയുണ്ടായി. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റായിരുന്നു.