narayaneente-moonanmakkal-saradakutty

ഒടിടി റിലീസിന് പിന്നാലെ 'നാരായണീന്‍റെ മൂന്നാണ്‍മക്കള്‍' ചിത്രം വലിയ ചര്‍ച്ചയായിരിക്കുകയാണ്. സഹോദരങ്ങള്‍ തമ്മിലുള്ള പ്രണയവും ലൈംഗികതയുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാനചര്‍ച്ച. സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള പ്രണയത്തിന്‍റെ ധാര്‍മികതയെ പറ്റി ഒരു വിഭാഗം വിമര്‍ശനമുന്നയിക്കുമ്പോള്‍ മുമ്പും മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. 

വിഷയത്തില്‍ പ്രതികരണം നടത്തുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. രതി എന്നാൽ കേവലം ലൈംഗിക ബന്ധം മാത്രമല്ല എന്നു തിരിച്ചറിയുന്നവർക്ക് മാത്രമേ ഇത്തരം ചിത്രങ്ങളോട് നീതിപൂർവ്വം സംവദിക്കാനാകൂവെന്ന് ശാരദക്കുട്ടി പറഞ്ഞു.  അപരിചിതമെന്ന് ബോധപൂർവ്വം നാം നടിക്കുന്ന എത്രയോ പ്രമേയങ്ങളെ, ഐവി ശശിയും പത്മരാജനും ഭരതനും ധൈര്യപൂർവ്വം അനായാസം  അഭ്രപാളികളിലേക്ക് തുറന്നു വിട്ടുവെന്നും അതിനെത്രയോ മുൻപ് തന്നെ സ്കൂളുകളിലും കുടുംബങ്ങളിലും  പ്രണയങ്ങളും രതിസംവേദനങ്ങളും  ഒളിച്ചോട്ടങ്ങളും ആത്മഹത്യകളും  ഉണ്ടായിട്ടുണ്ടെന്നും ശാരദക്കുട്ടി ചോദിച്ചു.  കൗമാരത്തിലും യൗവ്വനത്തിലും രതിമോഹങ്ങളുണരാതെ, പ്രണയിക്കാതെ, കൊച്ചുപുസ്തകം വായിക്കാതെ, ശ്രീകൃഷ്ണ ലീലകളെ ആരാധിക്കാതെ ദൈവനാമം ചൊല്ലി നടന്നവർ മാത്രം കല്ലെടുത്താൽ മതിയെന്നും കൗമാരത്തിലിങ്ങനെയുമൊക്കെ ആകാം മനുഷ്യരെന്ന് മറന്നു പോകരുതെന്നും ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശാരദക്കുട്ടി പറഞ്ഞു. 

ശാരദക്കുട്ടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

രതിനിർവ്വേദം കണ്ടാണോ നാട്ടിലെ ആൺകുട്ടികളാരെങ്കിലുമൊക്കെ കുടുംബത്തിലെ  മുതിർന്ന ചേച്ചിമാരെ കാമിച്ചു തുടങ്ങിയത്?

ചെല്ലപ്പനാശാരിമാരാണോ നാട്ടിലെ ആൺകുട്ടികൾക്ക് മുഴുവൻ രതിരഹസ്യം കൈമാറിയത്? ഈ നാട് എന്ന സിനിമ കണ്ടാണോ നാട്ടിൽ മദ്യദുരന്തമുണ്ടായത് ? നാട്ടിൽ നടന്ന വലിയ ഒരു മദ്യദുരന്തം സിനിമക്കു പ്രേരണയാവുകയായിരുന്നില്ലേ? ഐ വി ശശിയുടെ ഇണ എന്ന ചിത്രം കണ്ട് ഉടനെ തന്നെ യുവതലമുറ ഒളിച്ചോടിത്തുടങ്ങിയോ? അമേരിക്കൻ ചലച്ചിത്രമായ ബ്ലൂ ലഗൂണാണ് മലയാളത്തിൽ ഇണ എന്ന കൗമാരരതിക്ക് പ്രാധാന്യം നൽകിയ ചിത്രത്തിന് പ്രേരണയായത്.  ഇണയിറങ്ങി വർഷങ്ങളിത്ര കഴിഞ്ഞിട്ടും മലയാളസിനിമാപ്രേക്ഷകരിൽ ഒരു വിഭാഗം നാരായണീന്‍റെ കൊച്ചുമക്കളെ വെറുതെ വിടുന്നില്ല. 

രതി എന്നാൽ കേവലം ലൈംഗിക ബന്ധം മാത്രമല്ല എന്നു തിരിച്ചറിയുന്നവർക്ക് മാത്രമേ ഇത്തരം ചിത്രങ്ങളോട് നീതിപൂർവ്വം സംവദിക്കാനാകൂ. തന്‍റെ കലയിൽ പൂർണ്ണമായ വിശ്വാസമുള്ളവർക്ക് മാത്രമേ സാഹസികമായ പരീക്ഷണങ്ങൾ സാധ്യമാകൂ.

 അപരിചിതമെന്ന് ബോധപൂർവ്വം നാം നടിക്കുന്ന എത്രയോ ഇടനാഴിയിരുട്ടു പ്രമേയങ്ങളെ, ഐവി ശശിയും പത്മരാജനും ഭരതനും ധൈര്യപൂർവ്വം അനായാസം  അഭ്രപാളികളിലേക്ക് തുറന്നു വിട്ടു. ഗോപ്യമായി എം.ടി വാസുദേവൻ നായർ പറഞ്ഞു വെച്ചു.

അതിനെത്രയോ മുൻപ് തന്നെ സ്കൂളുകളിലും കുടുംബങ്ങളിലും  പ്രണയങ്ങളും രതിസംവേദനങ്ങളും  ഒളിച്ചോട്ടങ്ങളും ആത്മഹത്യകളും  ഉണ്ടായിട്ടുണ്ട്. 

കളപ്പുരക്കളത്തിൽ മേടപ്പുലരിയിൽ, വിളക്കു കെടുത്തി ആദ്യമായ് നൽകിയ വിഷുക്കൈനീട്ടങ്ങൾ എന്തായിരുന്നിരിക്കും ?  ആരും കാണാതെ മുറപ്പെണ്ണിന്‍റെ പൂങ്കവിളിൽ ഹരിശ്രീ എഴുതിയതെങ്ങനെ ആയിരുന്നിരിക്കും ? ഇളനീർക്കുടമുടച്ച് തിങ്കളാഴ്ച നോയ്മ്പ് മുടക്കിയതെങ്ങനെ ആയിരുന്നിരിക്കും? ഇതൊക്കെ കേട്ട് രോമാഞ്ചം കൊണ്ടതല്ലാതെ ധാർമ്മികരോഷം കൊണ്ടിട്ടുള്ളവരാണോ നിങ്ങൾ ?

നാട്ടിലും വീട്ടിലും സംഭവിച്ചിരുന്നതും സംഭവിച്ചേക്കാവുന്നതും ഒക്കെത്തന്നെയല്ലേ ചലച്ചിത്രങ്ങളിൽ എല്ലാക്കാലത്തും ആവിഷ്കരിച്ചിരുന്നത്? ഇവിടെ ഇങ്ങനെ ഒക്കെ കൂടിയാണ് കാര്യങ്ങൾ, നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കിയാലും അതങ്ങനെയൊക്കെത്തന്നെ സംഭവിക്കുന്നുണ്ടാകാം എന്ന് പറയാനും സിനിമയെ ഉപയോഗിക്കാം. മക്കൾ തമ്മിൽ സ്വത്തുതർക്കവും അസൂയയും ഉണ്ടാകുന്നതു പോലെ തന്നെ, വയ്യാതായ രക്ഷിതാവ് ബാധ്യതയാകുന്നതു പോലെ തന്നെ, വിജാതീയ വിവാഹം ഉണ്ടാക്കുന്ന അസ്വസ്ഥതകൾ പോലെ തന്നെ സ്വാഭാവികമാണ് കൗമാരക്കാർക്ക് പരസ്പരാകർഷണം തോന്നുന്നതും. 

അച്ഛന്‍റെ പഴയ ക്രഷിനെ കുറിച്ച് മകൻ ചോദിക്കുന്ന അതേ  കൗതുകത്തോടെ മകൻ്റെ ക്രഷിനെ അച്ഛന് കാണാൻ കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്. ചെറിയഛൻ്റെ വേഷം ചെയ്യുന്ന ജോജു പറയുന്നതേ പറയാനുള്ളു, 'അവനെ വഴക്കുപറയുകയോ തല്ലുകയോ ചെയ്യരുത് . അവൻ്റെ പ്രായമതാണ് എന്ന് മനസ്സിലാക്കിയാൽ മതി'. കൗമാരത്തിലും യൗവ്വനത്തിലും രതിമോഹങ്ങളുണരാതെ, പ്രണയിക്കാതെ, കൊച്ചുപുസ്തകം വായിക്കാതെ, ശ്രീകൃഷ്ണ ലീലകളെ ആരാധിക്കാതെ ദൈവനാമം ചൊല്ലി നടന്നവർ മാത്രം കല്ലെടുത്താൽ മതി. കൗമാരത്തിലിങ്ങനെയുമൊക്കെ ആകാം മനുഷ്യരെന്ന് മറന്നു പോകരുത്.

ENGLISH SUMMARY:

Writer Saradakutty praised the film "Narayaneente Moonanmakkal" for boldly tackling complex themes. She credited directors IV Sasi, Padmarajan, and Bharathan for fearlessly exploring sensitive subjects. Saradakutty also criticized those who condemn such films, suggesting that only those who have never experienced natural human desires and emotions have the right to judge.