prithviraj-sukumaran

Image Credit: Facebook

സംവിധാനം എന്നത് നാളുകളായുളള തന്‍റെ സ്വപ്നമായിരുന്നെന്ന് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫറിന് മുന്‍പേ മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ താന്‍ തീരുമാനിച്ചിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പങ്കുവച്ചത്. താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രം പിന്നീട് മറ്റൊരു സംവിധായകനാണ് സംവിധാനം ചെയ്തതെന്നും ചിത്രം കണ്ടപ്പോള്‍ തന്‍റെ തീരുമാനം ശരിയാണെന്ന് തോന്നിയെന്നും അദ്ദേഹം അത് മനോഹരമായി സംവിധാനം ചെയ്തിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

സിറ്റി ഓഫ് ഗോഡ് ആണ് താന്‍ ആദ്യം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം. എന്നാല്‍ അതേ സമയത്ത് മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിനായി തനിക്ക് പോകേണ്ടി വന്നെന്നും അതിനാല്‍ സംവിധാനം എന്ന സ്വപ്‌നം താത്കാലികമായി ഉപേക്ഷിച്ചെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്‍റെ വാക്കുകള്‍ ഇങ്ങനെ..‘ലൂസിഫറിന് മുമ്പ് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യേണ്ടതായിരുന്നു. സിറ്റി ഓഫ് ഗോഡ് എന്നായിരുന്നു ആ ചിത്രത്തിന്‍റെ പേര്. പിന്നീടത് സംവിധാനം ചെയ്തത് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണത്. ലിജോ അത് വളരെ നന്നായി തന്നെയാണ് ചെയ്തത്. ഞാന്‍ ചെയ്താല്‍ ചിലപ്പോള്‍ അത്രയും മനോഹരമാകുമെന്ന് എനിക്ക് തോന്നുന്നില്ല. സംവിധാനത്തോട് ഞാന്‍ ആദ്യമായി യെസ് പറയുന്നത് ആ ചിത്രത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ആ സമയത്താണ് രാവണ്‍ എന്ന ചിത്രത്തിനായി എനിക്ക് മണിരത്നത്തിന്‍റെ കോള്‍ വരുന്നത്. അതുകൊണ്ടുതന്നെ എന്‍റെ സംവിധാന മോഹം താല്‍ക്കാലികമായി ഉപേക്ഷിച്ച് എനിക്ക് മണിരത്നം ചിത്രത്തിനായി പോകേണ്ടി വന്നു' എന്ന് പൃഥ്വിരാജ് പറഞ്ഞു. അന്ന് മുതല്‍ ഒരു സിനിമ സംവിധാനം ചെയ്യാനായി താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് എംപുരാന്‍ എത്തുന്നത്. ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം... താൻ ഇല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു!' എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് എംപുരാന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തന്‍റെ റിലീസിനായുളള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. 

ENGLISH SUMMARY:

Lucifer Wasn't My First Planned Directorial; Another Filmmaker Took Over