നടന് ആസിഫ് അലിയോടുള്ള സംഗീത സംവിധായകൻ രമേഷ് നാരായണന്റെ പെരുമാറ്റം വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. ഇപ്പോഴിതാ പരിഭവം മറന്ന് പരസ്പരം ആശ്ലേഷിക്കുന്ന ഇരുവരുടെയും ഒരു പുതിയ വിഡിയോ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന് ആണ് ഈ സന്തോഷം പങ്കിടലിന് വേദിയായത്. ഞാന്‍ എന്താ പറയുക നിങ്ങളോട് എന്ന് രമേഷ് നാരായണിനോട് ചോദിക്കുന്ന ആസിഫ് അലിയെ വിഡിയോയില്‍ കാണാം.
എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം. ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് ഇത് കൈപ്പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രമേഷ് നാരായണിനെതിരായ വിമര്‍ശനം സൈബര്‍ ആക്രമത്തിന്റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.