ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേട്ട ഏറ്റവും ഹൃദ്യമായ വാര്‍ത്തകളില്‍ ഒന്നായിരുന്നു ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തില്‍ ഉഷപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തിയിരുന്നു.
മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് പറയുകയാണ് നടി ഫറ ഷിബ്ല. മറ്റ് ഇന്ഡസ്ട്രികളിലെ താരങ്ങള്‍ ഒരുമിച്ച് വേദി പങ്കിടുന്നത് തന്നെ അപൂര്‍വമാണെന്നും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും സൗഹൃദം തങ്ങള്‍ക്ക് പ്രചോദനമാണെന്നും ഫറ പറഞ്ഞു.
‘‘ലാലേട്ടൻ മമ്മൂക്കയ്ക്കു വേണ്ടി വഴിപാട് നടത്തിയെന്ന വാർത്ത വലിയ സന്തോഷമാണ് നൽകിയത്. ഇരുവരുടെയും ഈ മനോഹരമായ കൂട്ടുകെട്ടിനെ പ്രശംസിക്കുന്നതിനുവേണ്ടിയാണ് ഈ വിഡിയോ. മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമൊക്കെയാണ് നമ്മുടെ കുട്ടിക്കാല ഓര്‍മകൾപോലും.
അവർ നമ്മുടെ ജീവിതത്തിന്‍റെ തന്നെ വലിയ ഭാഗമാണ്. അതവർ തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. മറ്റു പല ഇൻഡസ്ട്രികളിലും ഇതുപോലുള്ള വലിയ താരങ്ങൾ ഒരുമിച്ചൊരു വേദി പങ്കിടുന്നതുപോലും അപൂർവമാണ്. പക്ഷേ നമ്മുടെ ഇൻഡസ്ട്രിയിൽ അങ്ങനല്ല. ഇൻഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള സൗഹൃദം നമുക്കൊക്കെ പ്രചോദനമാണ്. അവർ ഒന്നിച്ചുവരുന്ന വേദികൾ നമുക്കേറെ പ്രിയപ്പെട്ടതും മനോഹരവുമാണ്.
കരിയരിന്‍റെ ഈയൊരു ഘട്ടത്തിലും ഒന്നിച്ച് സിനിമ ചെയ്യുന്നവരാണവർ. ഒരാളുടെ വിജയത്തിനു വേണ്ടി പ്രാർഥിക്കുന്നതും വിജയത്തില്‍ സന്തോഷിക്കുന്നതും രണ്ടാമത്തെ ആളാണ്. എത്ര മനോഹരമല്ലേ. പ്രിയപ്പെട്ട മമ്മൂക്കാ, ലാലേട്ടാ നിങ്ങൾക്ക് എല്ലാ പ്രാർഥനകളും ആശംസകളും. ഇനിയും ഒരുപാട് കാലം നിങ്ങളുടെ ഈ സൗഹൃദം നിലനിൽക്കട്ടെ, അതു വഴി ഞങ്ങളെ പ്രകാശിപ്പിക്കാനും സാധിക്കട്ടെ,' ഫറ ഷിബ്‌ലയുടെ വാക്കുകൾ.