സെയ്ഫ് അലി ഖാന്‍റെ മകനായ ഇബ്രാഹിം അലി ഖാന്‍ നായകനായ 'നാദാനിയാൻ' റിലീസിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ചിത്രത്തിന് നേരെ വരുന്നത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്‍റേയും മകളായ ഖുഷി കപൂറാണ് നായികയായത്. കടുത്ത വിമര്‍ശനങ്ങളും ട്രോളുകളാണ് ഇരുവരുടേയും അഭിനയത്തിന് ലഭിക്കുന്നത്. നെപ്പോ കിഡ്സായതുകൊണ്ടാണ് ഇരുവര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
ഇതിനിടെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ പ്രണിത്, ഖുശിക്കും ഇബ്രാഹിമിനുമെതിരെ നടത്തിയ പരിഹാസം വലിയ ശ്രദ്ധയാണ് നേടുന്നത്. സെയ്ഫ് അലി ഖാനെ കുത്തിയവര്‍ക്ക് ശിക്ഷയായി മകന്‍റെ ചിത്രം കാണിക്കണം എന്നാണ് പ്രണിത് പറഞ്ഞത്.
'മോശം പ്രകടനം കാഴ്ചവക്കുന്നതില്‍ ഖുശി കപൂറിന് നല്ല സ്ഥിരതയുണ്ട്. ഖുശിയുടെ അവസാനത്തെ ചിത്രം ആമിര്‍ ഖാന്‍റെ മകന്‍ ജുനൈദ് ഖാനൊപ്പമായിരുന്നു. അതോടെ ഖുശിയുടെ ഇമേജ് തകര്‍ത്തു. ഇപ്പോള്‍ സെയ്ഫ് അലി ഖാന്‍ മകന്‍ ഇബ്രാഹിം അലി ഖാനൊപ്പം അഭിനയിച്ചു, അതിലൂടെ ഇബ്രാഹിമിന്‍റെ ഇമേജും തകര്‍ന്നു.
സെയ്ഫ് അലി ഖാനെ കുത്തി അക്രമിയോട് ജഡ്ജി പറഞ്ഞത്, നിങ്ങളെ തൂക്കിക്കൊല്ലില്ല, നദാനിയാന്‍ രണ്ട് തവണ കാണിക്കുമെന്നാണ്. എന്‍റെ കഴുത്ത് അറുത്തേക്കൂ എന്നാണ് അത് കേട്ട് പ്രതി പറഞ്ഞത്,' പ്രണിത് പറഞ്ഞു.