മലയാളത്തിന്‍റെ എമ്പുരാന്‍ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഓൾ ഇന്ത്യ ബുക്കിങ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചതോടെ നിമിഷ നേരം കൊണ്ടാണ് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പല തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയി. ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി.
ഇതിനിടെ ടിക്കറ്റിന് വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കൊച്ചി ലുലു മാളിലെ പിവിആറില്‍ ലക്സ് സീറ്റുകള്‍ക്ക് 800 രൂപയാണ് ടിക്കറ്റ് നിരക്ക്. 400 രൂപയായിരുന്നു ടിക്കറ്റാണ് 800ലേക്ക് എത്തിയത്. മറ്റ് സ്ക്രീനുകളില്‍ സീറ്റ് നില അനുസരിച്ച് 250 മുതല്‍ 800 രൂപ വരെയുമാണ് ചാര്‍ജ്.
ഫോറം മാളിലെ പിവിആറില്‍ ലക്സ് സീറ്റിന് 1200 രൂപയും പ്രീമിയം ലക്സ് സീറ്റീന് 1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 650 രൂപയില്‍ നിന്നുമാണ് ഈ ഉയര്‍ച്ച. മറ്റ് സ്ക്രീനുകളില്‍ 280 മുതല്‍ 800 വരെയും. കൊച്ചി സെന്‍ട്രല്‍ സ്ക്വയര്‍ മാളിലെ സിനിപൊളിസില്‍ 230 മുതല്‍ 450 വരെയാണ് ടിക്കറ്റ് നിരക്ക്.
അതേസമയം തിരുവനന്തപുരം ലുലുമാളിലെ പിവിആറില്‍ ലക്ഷ്വറി സീറ്റിന് 900വും ലക്ഷ്വറി പ്രൈമിന് 1000 രൂപയുമാണ് വില. മറ്റ് സ്ക്രീനുകളില്‍ 320 മുതല്‍ 750 വരെയും. മറ്റ് തിയേറ്ററുകളില്‍ സാധാ നിരക്ക് തന്നെ തുടരുമ്പോഴാണ് പിവിആറില്‍ കുത്തനെ ടിക്കറ്റ് വില ഉയര്‍ന്നിരിക്കുന്നത്.
ടിക്കറ്റിന് തീവിലയായതൊന്നും ടിക്കറ്റ് വില്‍പനെയെ ബാധിച്ചിട്ടില്ല. പിവിആറിന്‍റെ പല സ്ക്രീനുകളിലും ടിക്കറ്റ് മുഴുവനും വിറ്റ് പോയിട്ടുണ്ട്. ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കാണ് ആദ്യ ഷോ.