താന്‍ ആദ്യ ദിവസം തന്നെ എമ്പുരാന്‍ പോയി കാണുമെന്ന് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാർ. എമ്പുരാന്‍ റിലീസ് തൃശൂര്‍ പൂരം പോലെ ഒരു ഉത്സവമാണെന്നും താനും ആന്റണി പെരുമ്പാവൂരുമായുണ്ടായ തർക്കം കഴിഞ്ഞ കാര്യമാണെന്നും സുരേഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
നേരത്തെ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട നിർമാതാവ് ജി.സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമെല്ലാമടങ്ങുന്ന ഫിലിം ചേംബർ, നിർമാതാക്കള്‍ക്കും സിനിമാ സമരത്തിനും പിന്തുണ പ്രഖ്യാപിക്കുകയും േചംബറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു. സംഘടനയെ വിമർശിക്കുന്ന ആന്റണിയുടെ പോസ്റ്റ് നീക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആന്‍റണി പോസ്റ്റ് പിന്‍വലിച്ചു.
നിര്‍മാതാക്കളുടെ സംഘടന തീരമാനിച്ച സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി. സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. താന്‍ നിര്‍മിക്കുന്ന ചിത്രമായ 'എമ്പുരാന്റെ' ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്. സിനിമാ സമരത്തിനെതിരായ നിലപാടായിരുന്നു ആന്റണി പെരുമ്പാവൂര്‍ സ്വീകരിച്ചത്. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ സുരേഷ് കുമാര്‍ പെട്ടുപോയതാണോയെന്ന് ആന്റണി സംശയം പ്രകടിപ്പിച്ചിരുന്നു. സിനിമാ സമരമടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു.
നിര്‍മാതാക്കളുടെ സംഘടനയിലെ ഭിന്നത തുറന്നുകാട്ടുന്നതാണ് കുറിപ്പെന്ന വ്യാഖ്യാനമുണ്ടായി. ആന്റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും അജു വര്‍ഗീസുമടക്കം പിന്തുണച്ചതോടെ മലയാള സിനിമാ മേഖലതന്നെ രണ്ടുതട്ടിലായി.പിന്നാലെ ആന്റണിയെ തള്ളി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. സുരേഷ് കുമാര്‍ പറഞ്ഞത് സംഘടനയുടെ തീരുമാനമാണെന്ന് അവർ വിശദീകരിച്ചു. സംഘടനയില്‍ ഭിന്നിപ്പില്ലെന്ന് സംഘടനയുടെ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവകാശപ്പെട്ടു.