നെപ്പോ കിഡ്സിന് നിലവില്‍ അത്ര നല്ല കാലമല്ല ബോളിവുഡില്‍. നെപ്പോട്ടിസം ബോളിവുഡില്‍ ഒരു പുതിയ കാര്യമല്ലെങ്കിലും പുറത്തുനിന്നും വരുന്ന പ്രതിഭകള്‍ക്ക് അവസരം ലഭിക്കാത്തതും കഴിവില്ലാഞ്ഞിട്ടും പല നെപ്പോ കിഡ്സിനും വീണ്ടും ലീഡ് റോളുകള്‍ ലഭിക്കുന്നതും സിനിമ പ്രേമികളെ രോഷാകുലരാക്കിയിട്ടുണ്ട്.
അടുത്തിടെ വന്ന നെപ്പോ കിഡ്സിന്റെ ചിത്രങ്ങളെല്ലാം പരാജയമാവുകയും പ്രകടനം നിശതവിമര്‍ശനത്തിന് പാത്രമാവുകയും ചെയ്തിരുന്നു. ആമിര്‍ ഖാന്‍റെ മകനായ ജുനൈദ് ഖാന്‍റെ ചിത്രവും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്‍റേയും മകള്‍ ഖുശി കപൂറിനൊപ്പം ജുനൈദ് എത്തിയ ആദ്യചിത്രം ലവ്യാപ പരാജയപ്പെട്ടിരുന്നു. ഹിറ്റ് തമിഴ് ചിത്രം ലവ് ടുഡേയുടെ റീമേക്കായിരുന്നു ചിത്രം.
ഇപ്പോഴിതാ മകന്‍റെ പരാജയ ചിത്രത്തെ പറ്റി സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ചിത്രം പരാജയപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ നല്ല കാര്യമെന്നാണ് ആമിര്‍ പറഞ്ഞത്. കരിയറിന്‍റെ തുടക്കത്തില്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്നത് നല്ലതാണെന്നും ഇന്‍സ്റ്റന്‍റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞു.
അങ്ങനെ സംഭവിച്ചത് നന്നായി. അവന്‍ നന്നായി തന്നെയാണ് ചെയ്തത്. ഇനിയും പഠിക്കട്ടെ, ആമിര്‍ പറഞ്ഞു.
മകന്‍റെ സമര്‍പ്പണത്തേയും കഴിവിനേയും ആമിര്‍ പ്രശംസിച്ചു. മഹാരാജ് എന്ന ചിത്രത്തില്‍ അവന്‍ പൂര്‍ണമായും കഥാപാത്രമായെന്നും ലവ്യാപയിലും കണ്‍വിന്‍സിങായ പ്രകടനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജുനൈദ് മെച്ചപ്പെടുത്താനുള്ള മേഖലകളെ പറ്റിയും ആമിര്‍ സംസാരിച്ചു. തന്നെ പോലെ തന്നെ ജുനൈദിനും ഡാന്‍സ് കളിക്കാനുള്ള കഴിവില്ലെന്നും സമൂഹവുമായുള്ള ഇടപെടലുകളില്‍ പിന്നാട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, കാലത്തിനനുസരിച്ച് പഠിക്കാനും പരിണമിക്കാനും ഉള്ള ജുനൈദിന്റെ കഴിവിൽ ആമിര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു