നോമ്പ് തുറയിൽ പങ്കെടുത്ത് തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. തൃശൂര്‍ ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദിലാണ് സുരേഷ് ഗോപി നോമ്പ് തുറയിൽ പങ്കെടുത്തത്. മസ്ജിദിലെത്തിയ വിശ്വാസികളുമായി സംസാരിച്ച സുരേഷ് ഗോപി നോമ്പുതുറന്ന് കഞ്ഞി കുടിച്ചാണ് മടങ്ങിയത്. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി നോമ്പുതുറ സമയത്ത് കഞ്ഞികുടിച്ച രീതി അഭിനയമാണെന്ന് പറഞ്ഞ് പരിഹസിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തനിക്ക് ബിസ്മി ചൊല്ലാൻ അറിയാമെന്നും പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ ഭക്ഷണം കഴിക്കുന്ന രീതിയൊക്കെ പരിഹസിക്കുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.
'77, 78 കാലഘട്ടം മുതൽ നോമ്പ് നോക്കുന്നയാളാണു ഞാൻ. ബിസ്‍മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല ഞാൻ. അതിന്റെ മുഴുവൻ ടെക്സ്റ്റ് പറഞ്ഞെ ഞാൻ അവസാനിപ്പിക്കൂ. പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനിൽ നിന്നും ഞാനത് കണ്ടുപഠിച്ചിട്ടുണ്ട്. എന്റെ മക്കൾ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെ പാരമ്പര്യം ഉണ്ട്. അതൊക്കെ മ്ലേച്ഛകരമായ രീതിയിൽ പ്രചരിപ്പിക്കുകയാണ്. അതിനോട് പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിലൊക്കെ ഇതൊക്കെ കേൾക്കണോ', സുരേഷ് ഗോപി ചോദിച്ചു.