ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തും. നവാഗതനായ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്ലാവരും ഉറ്റുനോക്കുന്ന സിനിമയുടെ ട്രെയിലർ അപ്ഡേറ്റ് ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ്. മാർച്ച് 26 ന് ട്രെയിലർ എത്തും.
മാർച്ച് 26 ന് രാത്രി 8 മണിക്ക് തൃശൂർ രാഗം തിയറ്ററിൽ സിനിമയുടെ ട്രെയിലർ പ്രദർശനം നടക്കും. ഇതിന് ശേഷം 8:10 ന് ഡിജിറ്റലായി ട്രെയിലർ പുറത്തിറങ്ങും. മോഹൻലാൽ ചിത്രം എമ്പുരാൻ റിലീസിന് ഒരു ദിവസം മുൻപേയാണ് മമ്മൂട്ടിയുടെ ബസൂക്ക ചിത്രത്തിന്റെ ട്രെയിലർ എത്തുന്നത്. അതിനാൽ തന്നെ കേരളത്തിലെ തിയറ്ററുകളിൽ എമ്പുരാൻ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലർ പ്രദർശിപ്പിക്കും.
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.