നയന്‍താരയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന 'ഡിയര്‍ സ്റ്റുഡന്‍റ്സ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഫണ്‍ എന്റര്ടെയ്ന്മെന്റ് മൂഡിയില്‍ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ വിവിധ ദൃശ്യങ്ങള്‍ ഒന്നിച്ചുചേര്‍ത്ത വിഡിയോയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം പുറത്തുവിട്ടത്.
ഒടുവില്‍ റാപ്പ് അപ്പ് പറയാന്‍ തയാറാവാതെ നയന്‍താരയും നിവിനും പരസ്പരം മൈക്ക് നീട്ടുകയും പിന്നീട് എല്ലാവരും ഒരുമിച്ച് റാപ് അപ്പ് പറയുകയുമായിരുന്നു. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'ഡിയര്‍ സ്റ്റുഡന്‍റ്സ്'.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിനൊപ്പം പോളി ജൂനിയർ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആന്‍റണി, നന്ദു, തമിഴ് താരം റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.