നടനും സംവിധായകനുമായ പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ മൈത്രേയന്‍. 'പൃഥ്വിരാജ് ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ടുപോലുമില്ല' എന്ന് മൈത്രേയന്‍ പറഞ്ഞതായുള്ള പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
പോസ്റ്ററിൽ ഉള്ള വരി താൻ പറഞ്ഞതാണെന്നും പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ മൈത്രേയന്‍ പറഞ്ഞു.
'ബഹുമാനപൂർവ്വം പ്രിഥ്വിരാജിന്, മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററിൽ ഉള്ള വരി ഞാൻ പറഞ്ഞതും സത്യമാണ്.
പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും,' മൈത്രേയന്‍ കുറിച്ചു.
ഓണ്‍എയര്‍ കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മൈത്രേയന്‍റെ പരാമര്‍ശങ്ങള്‍. ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ പിന്നീട് പോസ്റ്ററായി വരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മൈത്രേയനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങളും ട്രോളുകളുമുയര്‍ന്നു. അതേസമയം സിനിമയെ ഇഷ്ടപ്പെടാതിരിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം മൈത്രേയനുണ്ടെന്ന് വാദിത്ത് പിന്തുണച്ചും ചിലര്‍ രംഗത്തെത്തി.